തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കിയ തീരുമാനം ; രാഹുൽ ഗാന്ധിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ ; മോദിക്കും ഷായ്ക്കും വിമർശനം

Jaihind Webdesk
Sunday, April 18, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികൾ റദ്ദാക്കിയ രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ.  നടി സ്വരാ ഭാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെി. നന്ദി…ശരിയായ നേതൃത്വം എന്ന് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പങ്കുവെച്ച് താരം കുറിച്ചു.

അതേസമയം  ബംഗാളിലെ അസാൻസോളിൽ  കൂറ്റൻ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇതാദ്യമായാണ് ഇത്രയും വലിയൊരു റാലി കാണുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. “ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ഞാൻ രണ്ടു തവണ ഇവിടെ വന്നിരുന്നു. പക്ഷേ, കഴിഞ്ഞ തവണ ഞാനിവിടെ വന്നപ്പോൾ ഇന്നീക്കാണുന്ന ജനക്കൂട്ടത്തിന്റെ നാലിലൊന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യമായാണു ഞാൻ ഇത്തരമൊരു റാലിക്കു സാക്ഷ്യം വഹിക്കുന്നത്. ഇന്നു നിങ്ങൾ നിങ്ങളുടെ ശക്തി തെളിയിച്ചു.”- മോദിയുടെ ഈ വാക്കുകള്‍ക്കെതിരെ വ്യാപക വിമർശനമാണുയരുന്നത്. പലയിടത്തും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിരോധനാജ്ഞയും ലോക്ഡൗണിന്‌
സമാനമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിനിടെയാണ് വന്‍ജനാവലിയെ പ്രധാനമന്ത്രി പുകഴ്ത്തിയതെന്നാണ് വിമർശനം.

അതേസമയം ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികളാണ് രാഹുൽ ഗാന്ധി റദാക്കിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ആഴത്തില്‍ ചിന്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.