കരിപ്പൂരിലെ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത് മന്ത്രി എ.സി മൊയ്തീന്‍ എന്ന് മുഖ്യമന്ത്രി; വാദം വാസ്തവ വിരുദ്ധം; പരിഹാസ്യമെന്ന് വിമർശനം

Jaihind News Bureau
Sunday, August 9, 2020

കരിപ്പൂര്‍ വിമാനാപകടം നടന്ന ഉടനെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ എന്ന മുഖ്യമന്ത്രിയുടെയും മന്ത്രി കെ.ടി.ജലീലിന്‍റെയും വാദം വാസ്തവവിരുദ്ധം. ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വിമാനപകട വിവരങ്ങള്‍ വിശദീകരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി എ.സി മൊയ്ദീന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി എന്ന് എടുത്തുപറഞ്ഞത്. ‘തദ്ദേശ ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി നേതൃത്വം നല്‍കിയത്’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ‘തൃശൂരിലുണ്ടായിരുന്ന മന്ത്രി എ.സി. മൊയ്തീൻ തലേദിവസം തന്നെ സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു’ എന്നായിരുന്നു മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇത്തരം പരാമർശങ്ങള്‍ നടത്തുന്നത് പരിഹാസ്യമാണെന്ന വിമർശനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

രാത്രി ഏഴരയോടെ അപകടം നടന്ന സ്ഥലത്ത്, രക്ഷാദൗത്യം അവസാനിക്കാറായ ഘട്ടത്തിലാണ് മന്ത്രി എ.സി. മൊയ്തീന്‍ എത്തിയതെന്ന് അദ്ദേഹത്തിന്‍റെ തന്നെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്നും വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തൃശൂരില്‍ നിന്ന് കരിപ്പൂരിലേയ്ക്ക് പോകുന്നുവെന്ന് 10.22ന് മന്ത്രിയുടെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാത്രി 10ന് തൃശൂരിലായിരുന്ന മന്ത്രി ആ സമയത്ത് നടന്ന രക്ഷാദൗത്യത്തിന് നേരിട്ട് നേതൃത്വം നല്‍കിയെന്ന മുഖ്യമന്ത്രിയുടെയും മന്ത്രി കെ.ടി ജലീലിന്‍റെയും വാക്കുകള്‍ വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. അപകടത്തിന് മൂന്ന് മണിക്കൂറിന് ശേഷമാണ് എ.സി മൊയ്ദീന്‍ രക്ഷാദൗത്യത്തിനായി കരിപ്പൂരിലെത്തിയത്. ഈ സമയത്തിനകം അപകടസ്ഥലത്തിന് സമീപത്തെ നാട്ടുകാരും ടാക്സി, പൊലീസ്, അഗ്നിശമന സംവിധാനങ്ങളും അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളില്‍ എത്തിച്ചിരുന്നു.

അപകടം നടന്ന ജില്ലയായ മലപ്പുറത്തെ കലക്ടര്‍, കോഴിക്കോട് കലക്ടര്‍, കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്‍ദുല്‍ വഹാബ് എം.പി, കൌണ്‍സിലര്‍മാര്‍ എന്നിവര്‍ അപകടത്തിന് തൊട്ടുടനെ സ്ഥലത്തെത്തിയിരുന്നു. അപകടത്തിന് ശേഷം സജീവമായി രക്ഷാദൗത്യങ്ങള്‍ക്ക് കൂടെ നിന്ന കൊണ്ടോട്ടി എം.എല്‍.എയാണ് ആദ്യം മരണപ്പെട്ട രണ്ട് പേരുടെ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം നിലനില്‍ക്കെ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഭാഗമല്ലാത്ത മന്ത്രി എ.സി മൊയ്ദീനെ മുഖ്യമന്ത്രി പരാമര്‍ശിച്ചത് പരിഹാസ്യമാണെന്നാണ് നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചത്.