സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Jaihind News Bureau
Tuesday, August 20, 2019

Aadhaar

സാമൂഹ മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. വിഷയത്തിൽ വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ട്രാൻസ്‌ഫർ ഹർജി കോടതി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാരിന്‍റെ വിവാദ നിലപാട്. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്നും അതിന് മറ്റ് സംവിധാനങ്ങള്‍ നിലവില്‍ ഇല്ലെന്നും സൈബർ കുറ്റകൃത്യങ്ങൾ തടയാനും വ്യാജവാർത്ത നിയന്ത്രിക്കുന്നതിനടക്കം ഇത് ഗുണകരമാകുമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു.

സമൂഹമാധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിയിലേതടക്കമുള്ള പൊതു താൽപര്യ ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനും വിവിധ സമൂഹമാധ്യങ്ങൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രീം കോടതി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച ഹർജിയിലാണ് നടപടി. തമിഴ്നാട് സർക്കാരിന് വേണ്ടിയാണ് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഹാജരായത്. കേസ് മദ്രാസ് ഹൈക്കോടതിയില്‍ തന്നെ കേള്‍ക്കാമെന്നും എന്നാല്‍ അന്തിമ തീരുമാനം അവിടെ എടുക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

എന്നാല്‍ ആധാറുമായി അക്കൗണ്ടുകൾ ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും നീക്കം സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഫെയ്സ്ബുക്കും വാട്സ് ആപ്പും അറിയിച്ചു.

ഭീകരവാദപ്രവർത്തനങ്ങൾക്ക് ലൈംഗിക ചൂഷണത്തിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും സമൂഹ മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് ഇത് തടയാൻ സാധിക്കുമെന്നുമാണ് തമിഴ്നാട് സർക്കാരിന്‍റെ വാദം. സമാനമായ ഹർജികൾ മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളും പരിഗണിക്കുന്നുണ്ട്. കേസ് സെപ്റ്റംബർ 13ന് വീണ്ടും സുപ്രീം കോടതി വീണ്ടും പരിഗണിക്കും.