സ്വര്‍ണം കൊണ്ടുപോയത് മഹാരാഷ്ട്രയിലേക്ക്; സ്ഥിരീകരിച്ച് സ്വപ്നയുടേയും, സന്ദീപിൻ്റേയും നിർണായക മൊഴി

Jaihind News Bureau
Thursday, July 30, 2020

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ 100 കിലോയിലധികം സ്വര്‍ണം കൊണ്ടുപോയത് മഹാരാഷ്ട്രയിലെക്കെന്ന് പ്രതികളുടെ മൊഴി. നേരത്തെ കെ.ടി റമീസിൽ നിന്ന് കസ്റ്റംസിന് ലഭിച്ച മൊഴി ശരിവെക്കുന്നതാണ് സ്വപ്നയുടേയും, സന്ദീപിൻ്റേയും മൊഴികൾ.

നിർണ്ണായക വിവരങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണകള്ളക്കടത്ത് കേസന്വേഷിക്കുന്ന കസ്റ്റംസിന് സ്വപ്ന, സന്ദീപ് എന്നിവരിൽ നിന്നും ലഭിച്ചത്. സ്വർണ്ണം വിറ്റഴിക്കുന്ന വഴികൾ തേടിയുള്ള കസ്റ്റംസിൻ്റെ അന്വേഷണത്തിന് സുപ്രധാന മൊഴിയാണ് ഇവരിൽ നിന്നും ലഭിച്ചത്.
നയതന്ത്ര പാഴ്സലിലൂടെ വിമാനത്താവളത്തിലെത്തുന്ന സ്വർണ്ണം മഹാരാഷ്ട്രയിലെ സാംഗ്ലി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ എത്തിച്ചിട്ടുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. സ്വപ്നയും കൂട്ടാളികളും നയതന്ത്ര ചാനല്‍ വഴി കൊണ്ടുവരുന്ന സ്വര്‍ണത്തില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലെ സ്വര്‍ണപ്പണിക്കാരുടെ ജില്ലയായ സാംഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് റമീസും നേരത്തെ മൊഴി നൽകിയിട്ടുണ്ട്.

റമീസിൻ്റെ മൊഴി സ്ഥിരീകരിക്കുന്ന മൊഴിയാണ് സ്വപ്നയിൽ നിന്നും, സന്ദീപിൽ നിന്നും കഴിഞ്ഞ ദിവസം കസ്റ്റംസിന് ലഭിച്ചത്. കൂടാതെ പിടിയിലായ മറ്റുള്ള പ്രതികളും സമാന മൊഴി നല്‍കിയിട്ടുണ്ട്. ഇത്തരത്തിൽ നൂറ് കിലോയിലധികം സ്വര്‍ണ്ണം സാംഗ്ലിയിലേക്ക് കൊണ്ടുപോയി എന്ന മൊഴി നൽകിയെന്നും സൂചനയുണ്ട്. കള്ളക്കടത്തിലൂടെ വരുന്ന സ്വര്‍ണം ആഭരണമാക്കി മാറ്റുന്ന പ്രധാന കേന്ദ്രമാണ് സാംഗ്ലി. മുമ്പും റമീസ് കടത്തിയ സ്വര്‍ണം കോലാപ്പൂരിനും – പുനെയ്ക്കും മധ്യേയുള്ള സാംഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്നും ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ റീമീസിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സാംഗ്ലിയിലേക്ക് പോകാന്‍ കൊവിഡ് ഭീഷണി കസ്റ്റംസിന് തടസമായി. കസ്റ്റഡിയിലുള്ള സ്വപ്ന, സന്ദീപ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ നിര്‍ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്. നേരത്തെ റമീസിനെ ചോദ്യം ചെയ്തതോടെയാണ് സ്വര്‍ണം വാങ്ങിയ 12 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

https://youtu.be/aqWVKLm4PD0