റെസി ഉണ്ണിയുടെ ഭര്‍ത്താവുമായും ശിവശങ്കറിന് അടുത്ത ബന്ധം ; പി.വി ഉണ്ണികൃഷ്ണനെ വിജിലന്‍സ് കേസില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെട്ടു ; അന്വേഷണം വന്നേക്കും

Jaihind News Bureau
Sunday, December 27, 2020

 

തിരുവനന്തപുരം : റെസി ഉണ്ണിയുടെ ഭര്‍ത്താവുമായും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അടുത്ത ബന്ധം.  പി.വി ഉണ്ണികൃഷ്ണനെ വിജിലന്‍സ് കേസില്‍ നിന്ന് രക്ഷിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടു.  ഉണ്ണികൃഷ്ണനെതിരെ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അന്വേഷണം ഇയാളിലേക്കും നീങ്ങുമെന്നാണ് സൂചന.

റെസിയുടെ  ഭര്‍ത്താവ് പി.വി ഉണ്ണികൃഷ്ണനെ വിജിലന്‍സ് അന്വേഷണങ്ങളില്‍ നിന്നും സമര്‍ത്ഥമായി രക്ഷിച്ചത് ശിവശങ്കര്‍ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നിലവില്‍ കെഎസ്എഫ്ഇ ഡയറക്ടറായ പി.വി ഉണ്ണികൃഷ്ണന്‍  ഇടതു സര്‍ക്കാരിന്‍റെ കാലത്ത് മുന്‍പും വിവാദ നായകനായിരുന്നു.

മുന്‍പ് സി-ഡിറ്റ് ജോയിന്റ് ഡയറക്റ്ററായിരുന്നു ഉണ്ണികൃഷ്‌ണന്‍. ഇക്കാലയളവില്‍ കേന്ദ്ര ഏജന്‍സിയായ എന്‍.ആര്‍.എല്‍.എമ്മുമായുള്ള കരാറില്‍ അഴിമതി നടന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നക്കുകയും, പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടത്തി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഇടപ്പെട്ട് ഉണ്ണികൃഷ്ണനെ കേസില്‍ നിന്നും രക്ഷപ്പെടുത്തി.

കെഎസ്എഫ്ഇയിലും ഉണ്ണികൃഷ്ണനെതിരെ ആരോപണങ്ങള്‍ നിലവിലുണ്ട്. ഇവിടെ ടെക്‌നോളജി അപ്ഗ്രഡേഷനായി നല്‍കിയിട്ടുള്ള കരാറുകളിലും പല അവിഹിത ബന്ധങ്ങളും ഉണ്ടെന്നാണ്  റിപ്പോര്‍ട്ടുകള്‍. ഉണ്ണികൃഷ്ണന്‍ മുതിര്‍ന്ന സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും അടുപ്പക്കാരന്‍ ആണെന്നതും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വഴിവച്ചേക്കും.