ശിവന്‍കുട്ടി രാജിവെക്കണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്നു: വിഡി സതീശന്‍

Jaihind Webdesk
Wednesday, October 13, 2021

തിരുവനന്തപുരം : വി ശിവന്‍കുട്ടിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശിവന്‍കുട്ടി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന മുന്‍ നിലപാട് തന്നെയാണ് പ്രതിപക്ഷത്തിന് ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം ആവർത്തിച്ചു.

വിചാരണ നേരിടണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടും പ്രതികള്‍ വിടുതല്‍ ഹര്‍ജിയുമായി കീഴ്‌ക്കോടതിയെ സമീപിച്ചത് അദ്ഭുതപ്പെടുത്തുന്നതാണ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മന്ത്രി വി ശിവന്‍കുട്ടിയടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളിയിരിക്കുകയാണ്. മുണ്ടും മടക്കിക്കുത്തി നിയമസഭയിലെ ഡെസ്‌കിന് മുകളില്‍ കയറി പൊതുമുതല്‍ നശിപ്പിച്ച ദൃശ്യങ്ങള്‍ എല്ലാവരുടെയും മനസിലുണ്ട്. ഈ ദൃശ്യങ്ങള്‍ തെളിവായി പരിഗണിക്കാമെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ശിവന്‍കുട്ടി എത്രയും പെട്ടന്ന് മന്ത്രി സ്ഥാനം രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.