Sister Sabina wins gold| മൈതാനത്ത് വിസ്മയമായി സിസ്റ്റര്‍ സബിന: തിരുവസ്ത്രത്തില്‍ നഗ്‌നപാദയായി ഓടി ഹര്‍ഡില്‍സ് സ്വര്‍ണം നേടി

Jaihind News Bureau
Wednesday, October 22, 2025

വയനാട്: തിരുവസ്ത്രത്തില്‍, നഗ്‌നപാദയായി ട്രാക്കിലിറങ്ങിയ കന്യാസ്ത്രീ, ഓട്ടമത്സരത്തില്‍ അനായാസം ഹര്‍ഡിലുകള്‍ ചാടിക്കടന്ന് മുന്നേറി. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് സിസ്റ്റര്‍ സബിന സംസ്ഥാന മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റില്‍ 55 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിസ്റ്റര്‍ സബിന ഒരു മത്സരത്തില്‍ പങ്കെടുക്കുന്നത്. ഓട്ടം പൂര്‍ത്തിയാക്കിയതോടെ ആര്‍പ്പുവിളികളും കൈയടിയുമായി കാണികള്‍ വിജയിയെ വരവേറ്റു.

കാസര്‍കോട് എണ്ണപ്പാറ സ്വദേശിനിയായ സിസ്റ്റര്‍ സബിന 1993-ല്‍ വയനാട്ടിലേക്ക് താമസം മാറ്റി. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഹര്‍ഡില്‍സ് മത്സരങ്ങളില്‍ ദേശീയ തലത്തില്‍ പങ്കെടുത്തുകൊണ്ട് സിസ്റ്റര്‍ സബിന കായിക രംഗത്ത് തന്റെ കഴിവ് തെളിയിക്കുന്നത്. കോളേജ് പഠനകാലത്ത് യൂണിവേഴ്‌സിറ്റി തല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നീട് അധ്യാപനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച അവര്‍ മത്സരങ്ങളില്‍ കുറച്ചിടയായി പങ്കെടുത്തിരുന്നില്ല. നിലവില്‍ ഒരു സ്‌കൂളില്‍ കായിക അധ്യാപികയാണ് സിസ്റ്റര്‍ സബിന.

വിരമിക്കുന്നതിന് മുമ്പുള്ള തന്റെ അവസാന മത്സരമായിരുന്നു ഇത്. ‘അടുത്ത മാര്‍ച്ചില്‍ ഞാന്‍ കായിക അധ്യാപിക എന്ന റോളില്‍ നിന്ന് വിരമിക്കുകയാണ്. വിരമിക്കുന്നതിന് മുമ്പ് ഒരു തവണ കൂടി മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു, അതുകൊണ്ടാണ് ഞാന്‍ സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റില്‍ വന്നത്,’ അവര്‍ പറഞ്ഞു.

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ദേശീയ തലത്തിലുള്ള ഹര്‍ഡില്‍സ് മത്സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ് കായിക സിസ്റ്റര്‍ കായിക ജീവിതം ആരംഭിച്ചത്. കോളേജ് പഠനകാലത്ത് യൂണിവേഴ്‌സിറ്റി തല മത്സരങ്ങളിലും പങ്കെടുത്തിരുന്നു. പിന്നീട് അധ്യാപനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ദ്വാരക യുപി സ്‌കൂളിലെ കായിക അധ്യാപികയാണ് ഇപ്പോള്‍ സിസ്റ്റര്‍ സബിന.

സിസ്റ്റര്‍ സബിനയുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഒട്ടേറെ പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്.