സില്‍വര്‍ലൈന്‍ അടിയന്തരപ്രധാന്യത്തോടെ പരിഗണിക്കണം; ദക്ഷിണ റെയില്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ കത്ത്

Jaihind Webdesk
Tuesday, November 7, 2023


സില്‍വര്‍ലൈന്‍ പദ്ധതി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ദക്ഷിണ റെയില്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ കത്ത്. പദ്ധതിക്കായി ഏറ്റെടുക്കേണ്ട റെയില്‍വെ ഭൂമിയുടെ വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേ കൈമാറിയതിന് പിന്നാലെയാണ് നിര്‍ദേശം. കെ റെയിലുമായി തുടര്‍ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കത്തിലുണ്ട്. ഇടവേളയ്ക്ക് ശേഷം സില്‍വര്‍ലൈന്‍ പദ്ധതിയെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്നതാണ് റെയില്‍വേ ബോര്‍ഡ് ദക്ഷിണറെയില്‍വേയ്ക്ക് അയച്ച കത്ത്. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിഷയമെന്ന പരാമര്‍ശത്തോടെയാണ് കെ റെയില്‍ കോര്‍പറേഷനുമായി തുടര്‍ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സില്‍വര്‍ലൈനു വേണ്ടി 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ കെ റെയില്‍ കോര്‍പറേഷന്‍ ദക്ഷിണറെയല്‍വേയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേ റെയില്‍വേ ബോര്‍ഡിന് കൈമാറിയില്ല. സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് ഈ വിശദാംശം തേടി രണ്ടുതവണ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് കത്തയച്ചിരുന്നു. ഇതെ തുടര്‍ന്നാണ് വിശദാംശങ്ങള്‍ ദക്ഷിണറെയില്‍വേയുടെ അഭിപ്രായം രേഖപ്പെടുത്തി റെയില്‍വേ ബോര്‍ഡിന് കൈമാറിയത്. കെ റെയില്‍ കോര്‍പറേഷന്‍ ദക്ഷിണറെയില്‍വേയുമായി നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ കൂടെ അടിസ്ഥാനത്തിലാകും പദ്ധതിയില്‍ റെയില്‍വേ മന്ത്രാലയം അന്തിമ തീരുമാനമെടുക്കുന്നത്. ജനരോഷത്തെ തുടര്‍ന്നാണ് സംസ്ഥാനം സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചത്. എന്നാല്‍ പുറമേയ്ക്ക് പറഞ്ഞത് കേന്ദ്രം അന്തിമാനുമതി നല്‍കാതെ മുന്നോട്ടു പോകാന്‍ പറ്റില്ലെന്നും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സില്‍വര്‍ലൈന്‍ വീണ്ടും ചര്‍ച്ചയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നോ എന്നാണ് അറിയേണ്ടത്.