ബി.ജെ.പിക്ക് വഴങ്ങാതെ ശിവസേന; മഹാരാഷ്ട്രയില്‍ ഇരുവരും പ്രത്യേകം ഗവര്‍ണറെ കാണും;

Jaihind News Bureau
Monday, October 28, 2019

 

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരം പങ്കിടുന്നതിനെ ചൊല്ലി എന്‍ഡിഎ ഘടകകക്ഷികളായ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നു. ഇതിനിടെ ഇരുപാര്‍ട്ടി നേതാക്കളും ഇന്ന് ഗവര്‍ണറെ പ്രത്യേകം പ്രത്യേകമായി സന്ദര്‍ശിക്കും. രാവിലെ പത്തരയോടെ ദിവാകര്‍ റാവുത്തിന്റെ നേതൃത്വത്തില്‍ ശിവസേന നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കണ്ടു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണുക. ദീപാവലി ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നതെന്നാണ് ഇരുപാര്‍ട്ടികളും ഒദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

രണ്ടര വര്‍ഷം മുഖ്യമന്ത്രിപദം തങ്ങള്‍ക്കുവേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുണ്ടാക്കിയ 50:50 കരാര്‍പ്രകാരം മുഖ്യമന്ത്രിപദമടക്കം ഭരണസംവിധാനത്തില്‍ അമ്പത് ശതമാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും അത് ബി.ജെ.പി.യില്‍നിന്ന് എഴുതിവാങ്ങണമെന്നുമാണ് ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടത്. മന്ത്രിസഭാ രൂപീകരണത്തില്‍ 50-50 എന്ന പോളിസി നടപ്പിലാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍, ശിവസേനയുടെ സമ്മര്‍ദത്തിനൊടുവില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നാണ് ബിജെപിയുടെ നിലപാട്. ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നല്‍കാമെന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. എങ്കിലും മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി ശിവസേന ചരടുവലികള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതമായി പങ്കിടണമെന്നാണ് ശിവസേന പറയുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് അമിത് ഷാ ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്ക് ഇത് ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് ശിവസേന പറയുന്നത്. 50-50 ഫോര്‍മുല സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാരുണ്ടാക്കാന്‍ വേറെ വഴിയുണ്ടെന്നാണ് ഉദ്ധവ് താക്കറെ പറയുന്നത്.

50-50 ഫോര്‍മുല അംഗീകരിക്കാന്‍ ബിജെപി തയ്യാറല്ല. ഇങ്ങനെയൊരു പോളിസിയെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലെന്നാണ് ബിജെപി പറയുന്നത്. രണ്ട് പാര്‍ട്ടികള്‍ക്കും ലഭിച്ച സീറ്റുകളുടെ എണ്ണം ഒരുപോലെയാണെങ്കില്‍ മാത്രമാണ് 50-50 ഫോര്‍മുലയെ കുറിച്ച് ആലോചിക്കേണ്ട ആവശ്യമുള്ളൂ എന്നാണ് ബിജെപി പറയുന്നത്.
ബിജെപിയില്‍ നിന്നും രേഖാമൂലം സമ്മതം വാങ്ങണമെന്നും ശിവസേന എംഎല്‍എമാര്‍ ആവശ്യപ്പെടുന്നുണ്ട്. ആദിത്യ താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ശിവസേന എംഎല്‍എമാരുടെ ആവശ്യം. ആദ്യത്തെ രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കണം, മന്ത്രി സഭയില്‍ അമ്പത് ശതമാനം നല്‍കണമെന്നുമാണ് ശിവസേനയുടെ ആവശ്യം.
നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി 122 സീറ്റില്‍ നിന്നും 105 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. ഇതോടെയാണ് ശിവസേനയ്ക്ക് ബിജെപിയ്ക്ക് മുകളില്‍ മേല്‍ക്കൈ സാധ്യമായത്. പാര്‍ട്ടി സ്ഥാപിച്ചതിന് ശേഷം ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച താക്കറെ കുടുംബാംഗമാണ് ആദിത്യ. വര്‍ളിയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് ആദിത്യയുടെ വിജയം. ആദിത്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തന്നെയാണ് ശിവസേന തിരഞ്ഞെടുപ്പിനെ നേരിട്ടതും. ശിവസേനയ്ക്ക് ലഭിച്ചത് 56 സീറ്റുകളാണ്.