ജനാലവഴി ബെഡ്ഷീറ്റില്‍ തൂങ്ങിയിറങ്ങി, നീന്തല്‍കുളത്തില്‍ ചാടി ഫയര്‍ എസ്‌കേപ്പ് വഴി ഷൈന്‍ രക്ഷപ്പെട്ടു, ഇളിഭ്യരായി ഡാന്‍സാഫ്

Jaihind News Bureau
Thursday, April 17, 2025

ലഹരി സംഘത്തെ പിന്തുടര്‍ന്നെത്തിയ പോലീസ് സംഘത്തെ പറ്റിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ കടന്നുകളഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. സിനിമാരംഗത്തെപ്പോലെ സാഹസിക രംഗങ്ങളാണ് കൊച്ചിയിലെ ഹോട്ടലില്‍ അരങ്ങേറിയത് .

സിനിമാ രംഗത്തെലഹരി ഇടപാടിനെ കുറിച്ചുള്ള ആരോപണങ്ങളില്‍ നേരത്തേ തന്നെ പ്രതിസ്ഥാനത്തുള്ള നടനാണ് ഷൈന്‍ ടോം ചാക്കോ. അതിനാല്‍ തന്നെ ഡാന്‍സാഫിന്റെ നിരീക്ഷണത്തില്‍ ഉള്ള വ്യക്തിയാണ് ഷൈന്‍. അതിനിടെയാണ് നടി വിന്‍സി അലോഷ്യസിന്റെ പരാതിയും നടന് എതിരേ ഉയരുന്നത്. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നാണ് നടി പരാതി പറഞ്ഞത് . സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈന്‍ മോശം പെരുമാറ്റം നടത്തിയതെന്നാണ് പരാതിയിലുള്ളത്

എറണാകുളത്തെ പിജിഎസ് വേദാന്ത എന്ന ഹോട്ടലില്‍ നിന്നാണ് ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടത്. ഇട്ടിരുന്ന വേഷത്തില്‍ രക്ഷപ്പെട്ടോടുന്ന ദൃശ്യം ഹോട്ടലിന്റെ സിസി ക്യാമറകളില്‍ വ്യക്തമാണ്. ഷൈനിനെ ഇതുവരെ പിടികിട്ടിയില്ല. ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മറ്റൊരാളിന്റെ പേരിലാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നത്. അവിടേയക്ക് ഷൈന്‍ എത്തുകയായിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ മുറി എടുത്തതെന്നും വ്യക്തമായിട്ടുണ്ട്. പരിശോധനയ്ക്കിടെ മൂന്നാം നിലയിലെ മുറിയില്‍ നിന്നാണ് ഷൈനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കടന്നുകളഞ്ഞത്. 314 നമ്പർ മുറിയിലായിരുന്നു ഷൈൻ ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. മൂന്നാം നിലയിലെ മുറിയുടെ ജനാലവഴി ബെഡ്ഷീറ്റില്‍ തൂങ്ങിയാണ് രണ്ടാം നിലയുടെ റൂഫിലേയ്ക്ക് ഷൈന്‍ രക്ഷപ്പെടുന്നത് . ചാട്ടത്തിന്റെ ആഘാതത്തില്‍ മേല്‍ക്കൂരയിലെ ഷീറ്റ് പൊട്ടിയിട്ടുണ്ട്. അവിടെ നിന്ന് രണ്ടാം നിലയിലെ നീന്തല്‍ കുളത്തിലേയ്ക്ക ചാടി അവിടെ നി്ന്നാണ് സ്റ്റെയര്‍ കേസ് വഴി പുറത്തെത്തുന്നത്. പുറത്തെത്തിയ ശേഷം എങ്ങോട്ടാണിയാള്‍ പോയതെന്നതില്‍ പോലീസിന് അവ്യക്തതയാണുള്ളത്

മുറിയില്‍ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. റെയ്ഡിനെക്കുറിച്ച് ഷൈനിന് മുന്‍കൂട്ടി വിവരം ലഭിച്ചതായും വിവരമുണ്ട്. ഷൈനും സംഘവും ഹോട്ടലില്‍ ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. വിവരത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ദ്ധരാത്രിയോടെ കൊച്ചി നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തി. ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോയും ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസ് ലഹരിവിരുദ്ധ സ്‌ക്വാഡ് (ഡാന്‍സാഫ്) ഹോട്ടലില്‍ എത്തിയത്.