ന്യൂഡല്‍ഹി: പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) ആവശ്യപ്പെട്ടു. ഭീകരര്‍ക്ക് താവളമൊരുക്കുകയും അവരുടെ സൈനിക ഉദ്യോഗസ്ഥര്‍ ഭീകരരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നത് ലോകം കണ്ടതാണെന്നും അങ്ങനെയൊരു രാജ്യത്തെ എങ്ങനെ വിശ്വസിക്കാന്‍ കഴിയുമെന്നും എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് ചോദിച്ചു.
വെടിനിര്‍ത്തലിന് വഴങ്ങിയ ബിജെപി സര്‍ക്കാരിനെയും സിംഗ് വിമര്‍ശിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ‘നമ്മുടെ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു, എന്നാല്‍ പിന്നീട് നമ്മള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ട്രംപ് മധ്യസ്ഥത വഹിച്ചെന്നും വ്യാപാരബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു – അതെങ്ങനെ അംഗീകരിക്കാനാകും? ഏപ്രില്‍ 22 ന് നമ്മുടെ ആളുകളെ കൊന്ന ഭീകരര്‍ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍, ചര്‍ച്ചകളില്‍ വ്യാപാര ഭീഷണികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാദം സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളുകയാണ്. ‘ഇന്ത്യന്‍-യുഎസ് നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ വ്യാപാരത്തെക്കുറിച്ച് ഒരു പരാമര്‍ശവുമുണ്ടായിട്ടില്ലെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. നീതി നടപ്പാക്കിയിട്ടുണ്ടോ എന്ന് അവര്‍ ആശങ്ക പ്രകടിപ്പിച്ചു. ‘ഓപ്പറേഷന്‍ സിന്ദൂര്‍ നമ്മുടെ സൈനികരുടെ ധീരത കാണിച്ചു. എന്നാല്‍ മെയ് 10 ന് ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു. പഹല്‍ഗാം ഭീകരരെ പിടികൂടിയോ? സിന്ദൂറിന് പ്രതികാരം ചെയ്തോ?’ എന്ന് അവര്‍ എക്സിലെ ഒരു വീഡിയോ പോസ്റ്റില്‍ ചോദിച്ചു.