എത്ര കിട്ടിയാലും മതിയാകാത്തവരുണ്ടോ? എന്നാല്‍ ഉണ്ട്. സര്‍ക്കാര്‍ സര്‍വീസിലായിരുന്ന ശേഷം പിഎസ്‌സി ചെയര്‍മാനും അംഗവുമായിരുന്നവര്‍ക്ക് ഇപ്പോള്‍ കിട്ടുന്ന ശമ്പളം പോരാത്രേ… നിലവിലുള്ള ശമ്പളത്തില്‍ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം കൂട്ടിയാണ് ആദ്യം സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിരവധി വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴിവെച്ച നീക്കമായിരുന്നു അത്. ഇപ്പോഴിതാ കിട്ടുന്ന ശമ്പളം തികയാത്തതുക്കൊണ്ട് ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ചുക്കൊണ്ട് മറ്റൊരു ഉത്തരവിറങ്ങിയിരിക്കുന്നു. ഇനി ഒരു മാസം തട്ടിമുട്ടി പോകാന്‍ ഈ ശമ്പളവും പോരാതെ വരുമോ എന്നാണ് ഇപ്പോഴത്തെ സംശയം.
പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പെന്‍ഷന്‍ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്സി അംഗമെന്ന നിലയിലെ സേവനകാലവും പരിഗണിക്കാമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാന പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്. മന്ത്രിസഭാ യോഗ തീരുമാനപ്രകാരമായിരുന്നു ഉത്തരവ്.
പിഎസ്സി ചെയര്‍മാന്റെ ശമ്പളം 3.87 ലക്ഷമായും അംഗങ്ങളുടേത് 3.80 ലക്ഷമായും ഉയര്‍ത്തി നേരത്തേ തീരുമാനം പുറത്തിറക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അന്ന് വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പിഎസ്സി ചെയര്‍മാന് 2.50 ലക്ഷം രൂപയും അംഗങ്ങള്‍ക്ക് 2.25 ലക്ഷം രൂപയും പെന്‍ഷനായി ലഭിക്കുന്നതായിരുന്നു അന്നത്തെ കണക്ക് എന്നാല്‍ പുതിയ തീരുമാനത്തോടെ പിഎസ്സി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ വീണ്ടും ഉയരുകയാണ്.
സര്‍ക്കാര്‍ സര്‍വീസിലായിരുന്ന ശേഷം പിഎസ്‌സി ചെയര്‍മാനും അംഗവുമായിരുന്നവര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍ ഇതോടെ ഉയരുകയാണ്. സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്സി അംഗമെന്ന നിലയിലെ സേവന കാലവും പരിഗണിച്ച് പെന്‍ഷന്‍ നിശ്ചയിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഉയര്‍ന്ന പെന്‍ഷന്‍ ആവശ്യപ്പെട്ട് പിഎസ്‌സി മുന്‍ അംഗങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ മുന്‍ അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉചിതമായ തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്.