സ്വർണ്ണക്കടത്തുകാരില്‍ നിന്നും ‘ലെവി’ പിരിക്കുന്ന അവസ്ഥയിലേക്ക് സിപിഎം മാറി ; ക്വട്ടേഷന്‍ സംഘങ്ങള്‍ പാർട്ടിക്ക് പോഷകസംഘടനകളെപ്പോലെയെന്ന് ഷാഫി പറമ്പില്‍

Jaihind Webdesk
Tuesday, June 29, 2021

കണ്ണൂർ : സ്വർണ്ണക്കടത്തുകാരില്‍ നിന്നും ലെവി പിരിക്കുന്ന അവസ്ഥയിലേക്ക് സിപിഎം അധഃപതിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ക്വട്ടേഷന്‍ സംഘങ്ങളെ പോഷകസംഘടനകളെപ്പോലെയാണ് പാർട്ടി സംരക്ഷിക്കുന്നതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

പാർട്ടി നേതാക്കളെക്കാൾ വലിയ സ്റ്റാറ്റസാണ് ക്രിമിനലുകൾക്ക് സിപിഎം നേതാക്കൾ നൽകിയത്. കൊടി സുനിയും മുഹമ്മദ് ഷാഫിയുമൊക്കെ സ്വർണ്ണക്കടത്തിന് പിന്നിൽ ഉണ്ടെങ്കിൽ ഇനി ഒരന്വേഷണവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റിനേക്കാള്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്.  മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിൻ്റെ സഹോദരന് ഇവരുമായി ബന്ധമുണ്ട്. പ്രതികള്‍ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ കള്ളക്കടത്തിനുള്ള മുഖംമൂടിയാണ്. ഐആർപിസി ഇവർക്ക് ഒളിച്ചിരിക്കാനുളള താവളമാണെന്നും അദ്ദേഹം പറഞ്ഞു.