എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍; ജയിലിന് മുന്നില്‍ സ്വീകരണം; അറിഞ്ഞില്ലെന്ന് പോലീസ്

Jaihind Webdesk
Sunday, June 12, 2022

 

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ അറസ്റ്റില്‍. പിടികിട്ടിപ്പുള്ളിയെന്ന് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ച പ്രതിയാണ് ആര്‍ഷോ. പൊതുവേദികളിലെ സ്ഥിരം സാന്നിധ്യമായ ആര്‍ഷോയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപി ഉള്‍പ്പെടെയുള്ളവർക്ക് പരാതി നല്‍കിയിരുന്നു. അതേസമയം ജയിലിന് മുന്നില്‍ പ്രതിക്ക് സ്വീകരണം ഒരുക്കിയത് പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. സ്വീകരണം നല്‍കാന്‍ അവസരമൊരുക്കിയതിനെക്കുറിച്ച് അറിയില്ലെന്ന നിലപാടിലാണ് പോലീസ്.

ദേഹപരിശോധനയ്ക്കd ശേഷം കോടതിയിൽ ഹാജരാക്കിയ അർഷോയെ റിമാൻഡ് ചെയ്തു. ഇദ്ദേഹത്തെ സഹപ്രവർത്തകർ രക്തഹാരം അണിയിച്ചു മുദ്രാവാക്യങ്ങളോടെയാണ് ജയിലിലേക്ക് അയച്ചത്. ഇതിനd പൊലീസ് ഒത്താശ ചെയ്തു കൊടുക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. ആര്‍ഷോയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നല്‍കിയിരുന്നു. പൊതുവേദികളിലെ സ്ഥിരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാനാണ് ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പി.എം ആർഷോ. എഐഎസ്എഫ് വനിതാ നേതാവിനെ ഉൾപ്പെടെ ആക്രമിച്ച കേസിൽ പ്രതിയായ പിഎം ആർഷോയെയാണ് പെരിന്തൽമണ്ണയിൽ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായതോടെ ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

സമര കേസുകളിലും നിരവധി   ക്രിമിനൽ കേസുകളിലും പ്രതിയായ പിഎം ആർഷോ കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയാണ്. ഈ വർഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി ആർഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018 ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളിൽ തുടർന്നും ആർഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനിൽ തോമസ്  അധ്യക്ഷനായ ബെഞ്ച് പി.എം ആർഷോയുടെ ജാമ്യം റദ്ദാക്കിയത്. എന്നാൽ പോലീസ് ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ച വിദ്യാർത്ഥി നേതാവ് പെരിന്തൽമണ്ണയിൽ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഉടനീളം പങ്കെടുത്തു. സമ്മേളനം അവസാനിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എംജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും ആർഷോ പ്രതിയാണ്. ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു എന്ന പരാതിയാണ് ആർഷോക്കെതിരെ അന്ന് ഉയർന്നത്. അപ്പോഴും എസ്എഫ്ഐ ആർഷോയ്ക്ക് പിന്തുണ നൽകിയിരുന്നു. എറണാകുളം ലോ കോളേജിലെ റാഗിംഗ് പരാതിയിലും ആർഷോ പ്രതിയാണ്. 25 വയസ്  പ്രായപരിധി കർശനമാക്കിയതോടെ എസ്എഫ്ഐ നേതൃത്വത്തിൽ നിന്നും വലിയ നിരയാണ് ഇത്തവണ ഒഴിവായത്. തുടർന്നാണ് സെക്രട്ടറി സ്ഥാനത്തേക്ക് ആർഷോ പരിഗണിക്കപ്പെട്ടത്. ഇയാൾ നിരവധി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടും പോലീസിന്‍റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിരുന്നില്ല.