എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എസ്.എഫ്. SFI രക്തരക്ഷസിന്‍റെ സ്വഭാവമുള്ള സംഘടനയെന്ന് എ.ഐ.എസ്.എഫ്. SFI ക്ക് ജനാധിപത്യം വാക്കുകളിൽ മാത്രം. AISF ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം.
എ.ഐ.എസ്.എഫ് നേതാക്കളെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ നേതാക്കളോടും ഡി.വൈ.എഫ്.ഐ നേതാക്കളോടുമുള്ള പ്രതിഷേധവും അമർഷവും പ്രതിഫലിപ്പിക്കുന്നതാണ് എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായിട്ടും എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയുള്ള വിമർശനങ്ങൾക്കാണ് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലെ പ്രധാന ഭാഗം നീക്കിവെച്ചിരിക്കുന്നത്.
പല കോളജുകളിലും തെരഞ്ഞെടുപ്പ് നടക്കുന്നത് എസ്.എഫ്.ഐയുടെ സൗകര്യത്തിനനുസരിച്ചാണെന്ന് പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കണ്ണൂരിൽ എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് എസ്.എഫ്.ഐയിൽ നിന്ന് തുടർച്ചയായി അക്രമങ്ങൾ നേരിടേണ്ടി വരുന്നതായും എ.ഐ.എസ്.എഫ് കുറ്റപ്പെടുത്തുന്നു. എസ്.എഫ്.ഐ രക്തരക്ഷസിന്‍റെ സ്വഭാവമുള്ള സംഘടനയെന്ന രൂക്ഷ വിമർശനവും പ്രവർത്തന റിപ്പോർട്ടിലുണ്ട്. ഹിറ്റ്ലറുടെ ഭരണകാലത്ത് നടപ്പിലാക്കിയ ഭരണപരിഷ്കാരമാണ് എസ്.എഫ്.ഐ എന്ന സംഘടന ക്യാമ്പസിൽ നടപ്പിലാക്കുന്നത്.
എസ്.എഫ്.ഐയുടെ ഭീഷണിയാണ് ജില്ലയിൽ എ.ഐ.എസ്.എഫ് നേരിടുന്ന പ്രധാന വെല്ലുവിളി. എസ്.എഫ്.ഐ പ്രവർത്തകരുടെ ഭീഷണി കാരണം ജില്ലയിലെ പല ക്യാമ്പസുകളിലും നോമിനേഷൻ കൊടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും എ.ഐ.എസ്.എഫ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സി.പി.ഐ നേതൃത്വത്തിന് എതിരെ റിപ്പോർട്ടിൽ വിമർശനമുണ്ട്. എസ്.എഫ്.ഐ അക്രമങ്ങളെ ചെറുക്കാൻ നേതൃസംഘടനകളിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും ഇത് ദൗർഭാഗ്യകരമാണെന്നും എ.ഐ.എസ്.എഫ് വ്യക്തമാക്കുന്നു.
എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി അകേഷിനെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിബിൻ കാനായി ഫോണിൽ ഭീഷണിപ്പെടുത്തിയ മുതൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ആശയപരമായി ഭിന്നിപ്പ് നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചതോടെ ഭിന്നത രൂക്ഷമായിരുന്നു. ഇതിനിടയിലാണ് എ.ഐ.എസ്.എഫ് സമ്മേളനത്തിൽ എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്.
https://www.youtube.com/watch?v=HoXOiE_f6r0