എസ്.എഫ്.ഐ ഗുണ്ടായിസം കൊച്ചിയില്‍; സദ്യ തികഞ്ഞില്ലെന്ന് കാട്ടി വനിതാ ഹോട്ടല്‍ തല്ലിത്തകര്‍ത്തു

Jaihind News Bureau
Sunday, September 8, 2019

കൊച്ചിയില്‍ വനിതാ ഹോട്ടലിന് നേരെ മഹാരാജാ കോളേജിലെ എസ്.എഫ്.ഐ ഗുണ്ടായിസം. ഒരു സംഘം സ്ത്രീകൾ നടത്തുന്ന കൊതിയൻസ് എന്ന വനിത ഹോട്ടലിന് നേരെയാണ് മദ്യ ലഹരിയിൽ എസ്. എഫ്. ഐ ക്കാർ അക്രമം അഴിച്ച് വിട്ടത്.കോളജിലെ ഓണാഘോഷത്തിന് ഓർഡർ ചെയ്ത ഭക്ഷണം തികഞ്ഞില്ലെന്ന പേരിലാണ് വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെ വനിതാ ഹോട്ടലിലേക്ക് ഇരച്ചെത്തി അടിച്ചുതകര്‍ത്തത്.

ഹോട്ടലില്‍ നിന്ന് ഇരുപതിനായിരം രൂപയും അക്രമികള്‍ കവര്‍ന്നു. തടയാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരികളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത എസ്.എഫ്.ഐക്കാർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അക്രമികൾ ഹോട്ടലിലെ പാത്രങ്ങളും തകർത്തിട്ടുണ്ട്.

തങ്ങൾ നൽകിയ ഭക്ഷണം തികയാഞ്ഞിട്ടല്ല ഭക്ഷണത്തിന്‍റെ പണം തരാതിരിക്കാനാണ് വ്യാജ ആരോപണം ഉന്നയിച്ച് എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിൽ ഹോട്ടൽ തകർത്തതെന്നും 41500 രൂപ എസ്.എഫ്.ഐക്കാർ തരാനുണ്ടെന്നും ഹോട്ടൽ ജീവനക്കാരികൾ പറയുന്നു. അതോടൊപ്പം പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ഭരിക്കുന്ന പാർട്ടിയാണെന്നും തങ്ങളെ പോലീസിന് ഒന്നും ചെയ്യാൻ കഴിയില്ല എന്നാക്രോശിച്ചായിരുന്നു എസ്.എഫ്.ഐ ക്കാരുടെ അഴിഞ്ഞാട്ടം.