വടകരയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റിയംഗം അറസ്റ്റില്‍

Monday, May 27, 2019

വടകര: സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ സംഭവത്തില്‍ എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയംഗം അറസ്റ്റില്‍. കീഴല്‍ കുട്ടോത്ത് മീത്തലെ തയ്യുള്ളതില്‍ അക്ഷയ് രാജി (22) നെയാണ് കുട്ടോത്ത് നായനാര്‍ ഭവനില്‍ വച്ച് എസ്‌ഐ കെ.പി.ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. സി.പി.എം പ്രവര്‍ത്തകന്‍ കീഴല്‍ കുട്ടോത്ത് വലിയപറമ്പത്ത് ഷാജു (43) വിനെ ആണ് വെട്ടിപ്പരുക്കേല്‍പ്പിച്ചകേസിലാണ് അറസ്റ്റ്. കഴിഞ്ഞ 21ന് രാത്രിയിലാണ് സംഭവം. മൂന്നംഗ സംഘമാണ് വെട്ടിയതെന്നും പാര്‍ട്ടിയുടെ ഏരിയ കമ്മിറ്റി അംഗമാണ് ഇതിനു പിന്നിലെന്നും ഷാജു പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മറ്റു രണ്ടുപേര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഷാജു ചികിത്സയിലാണ്. നേരത്തേ സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം പരിഹരിക്കുകയും വകുപ്പു തല ഇടപെടലിനെ തുടര്‍ന്ന് ഷാജുവിന്റെ സ്ഥലം പൂര്‍വ സ്ഥിതിയിലാക്കിയിട്ടും പാര്‍ട്ടി നേതാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഷാജു പരാതിപ്പെട്ടിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.