ഫെയ്‌സ്ബുക്കിൽ ഗുരുതര സുരക്ഷാ വീഴ്ച

Jaihind Webdesk
Sunday, October 14, 2018

പ്രമുഖ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്കിൽ ഗുരുതര സുരക്ഷാ വീഴ്ച. മൂന്നുകോടിയോളം ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായി ഫെയ്‌സ്ബുക്ക് അധികൃതർ അറിയിച്ചു.

ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടെന്നുള്ള അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും വെള്ളിയാഴ്ചയാണ് അധികൃതർ ഈ കാര്യം സ്ഥിരീകരിച്ചത്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് കടക്കുന്ന ഓട്ടോമാറ്റഡ് പ്രോഗ്രാമിലൂടെയാണ് ഹാക്കിംഗ് നടന്നിരിക്കുന്നത്. ഹാക്കിംഗിനെക്കുറിച്ച് അന്വേഷക്കാൻ അന്താരാഷ്ട്ര ഏജൻസികളെ ചുമതലപ്പെടുത്തിയതതായും ഫേയ്‌സ്ബുക്ക് അധികൃതർ വ്യക്തമാക്കി. 1.5 കോടി ഉപയോക്താക്കളുടെ പ്രൊഫൈലുമായി ബന്ധപ്പെട്ട വിവരങ്ങളും, സെർച്ച് ഹിസ്റ്ററി,ഇ- മേയിൽ ഐ ഡി തുടങ്ങിയവ പൂർണ്ണമായും ഹാക്ക് ചെയ്യപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. 1.4 കോടി ഉപയോക്താക്കളുടെ അക്കൗണ്ടുകളെ ഗുരുതരമായും ബാധിച്ചിട്ടുണ്ട്. എന്നാൽ ഏത് തരത്തിലുള്ള ഹാക്കിങാണ് നടന്നതെന്ന് ഇതുവരെയും വ്യക്തമല്ല. കൂടുതൽ ഹാക്കിങ് ശ്രമം നടക്കാൻ സാധ്യതയുള്ളതായും സംശയകരമായ ഇ മെയിലുകൾ, ഫോൺ കോളുകൾ എന്നിവയോടു ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 5 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തപ്പെട്ടെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഏകദേശം 3 കോടി ആളുകളുടെ വ്യക്തിവിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.

https://youtu.be/gYUy3RrJKNE