വ്യാജപ്രചാരണം ബി.ജെ.പിക്ക് ഫേസ്ബുക്കിന്റെ തിരിച്ചടി: നഷ്ടമായത് 26 ലക്ഷം ഫോളോവേഴ്‌സ്

Jaihind Webdesk
Wednesday, April 3, 2019

ലോക്‌സഭാ കാലയാളവില്‍ വ്യാജ പ്രചാരണങ്ങള്‍ തടയുന്നതിന് ഫേസ്ബുക്ക് നടത്തിയ നീക്കത്തില്‍ ഏറ്റവുമധികം തിരിച്ചടി കിട്ടിയത് ബി.ജെ.പിയുടെ സൈബര്‍ വിഭാഗത്തിനെന്ന് റിപ്പോര്‍ട്ട്. ഇവരുടെ പേജുകളും വ്യക്തിഗത അക്കൗണ്ടുകളും ഉള്‍പ്പെടെ നൂറുകണക്കിന് അക്കൗണ്ടുകളാണ് ഫേസ്ബുക്ക് അടച്ചുപൂട്ടിയത്. എന്നാല്‍ കോണ്‍ഗ്രസിന് പേജുകള്‍ നഷ്ടമായതായി കഴിഞ്ഞദിവസം വാര്‍ത്തകള്‍ ബി.ജെ.പി അനുകൂല കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പേജുകള്‍ റീസ്‌റ്റോര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കോണ്‍ഗ്രസ് വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്ന കൂടുതല്‍ ഫോളോവേഴ്സ് ഉള്ള 15 ബി.ജെ.പി അനുകൂല പേജുകളും നീക്കിയതായി ഫേസ്ബുക്ക് വിശദീകരിച്ചു. ഒരു പേജ്, 12 വ്യക്തിഗത അക്കൗണ്ട്, ഒരു ഗ്രൂപ്പ്, ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നിവയാണ് നീക്കിയത്.

ബി.ജെ.പിയുടെ 15 അക്കൗണ്ടുകള്‍ക്ക് മാത്രം 26 ലക്ഷം ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നു. തങ്ങളുടെ പേജുകള്‍ക്കായി 2014 മുതല്‍ 50 ലക്ഷത്തോളം രൂപയാണ് ബി.ജെ.പി ചെലവിട്ടത്. ബി.ജെ.പി ഐ.ടി സെല്ലിന്റെ നേരിട്ടു നിയന്ത്രണത്തിലല്ലാത്ത ഇരുനൂറോളം പേജുകള്‍ നീക്കിയതായും റിപ്പോര്‍ട്ടുണ്ട്. നീക്കം ചെയ്യപ്പെട്ടവയില്‍ എറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ളതും കൂടുതല്‍ വ്യാപ്തി (റീച്ച്) ഉള്ളതുമായ ബി.ജെ.പി അനുകൂല പേജ് ആണ് ദി ഇന്ത്യന്‍ ഐ. 26 ലക്ഷം ഫോളോവേഴ്സാണ് ഇന്ത്യന്‍ ഐക്ക് മാത്രം ഉണ്ടായിരുന്നത്. ഈ പേജിന്റെ ഉടമകള്‍ സില്‍വര്‍ ടച്ച് എന്ന ഐ.ടി കമ്പനി ആണെന്ന് കണ്ടെത്തി. പ്രധാനമന്ത്രിയുടെ നമോ ആപ്പിന്റെ പിന്നില്‍ ഈ കമ്പനി പ്രവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സില്‍വര്‍ ടച്ച് എന്ന ഐ.ടി കമ്പനി വ്യാജ അക്കൗണ്ടുകള്‍ വഴി പ്രാദേശിക വാര്‍ത്തകളെക്കുറിച്ചും രാഷ്ട്രീയ പരിപാടികളെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കണ്ടെത്തിയതായി ഫേസ്ബുക്ക് അറിയിച്ചു.

സപ്പോര്‍ട്ട്4മോദി (18 ലക്ഷം ഫോളോവേഴ്സ്), പോസ്റ്റ് കാര്‍ഡ് ഫാന്‍സ് (13 ലക്ഷം ഫോളോവേഴ്സ്), ഏക് നാം നരേന്ദ്രമോദി (15 ലക്ഷം ഫോളോവേഴ്സ്) എന്നിവയാണ് അടച്ചുപൂട്ടിയ പ്രധാന ബി.ജെ.പി അനുകൂല പേജുകള്‍. ഇന്ത്യ റിപ്പോര്‍ട്ട് കാര്‍ഡ്, നാഷന്‍ വാണ്ട്സ് നമോ, ഹൈദരാബാദിലെ ബി.ജെ.പി എം.എല്‍.എ രാജാ സിങിന്റെ ഔദ്യോഗിക പേജ് എന്നിവയ്ക്കും പൂട്ട് വീണു. ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖരുടെ ഉടമസ്ഥതയിലുള്ള മൈ നാഷന്‍ എന്ന പേജും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടും.