മഹാരാഷ്ട്രയിൽ അടിപതറി ബിജെപി; കുതിരക്കച്ചവടം ഫലം കണ്ടില്ല; സർക്കാർ രൂപീകരിക്കാൻ അവകാശ മുന്നയിച്ച് ശിവസേന ഇന്ന് ഗവർണറെ കാണും

Jaihind News Bureau
Monday, November 11, 2019

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ച് ശിവസേന ഇന്ന് ഗവർണറെ കാണും. ബി.ജെ.പി. പിന്മാറിയതിന് പിന്നാലെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. സർക്കാരുണ്ടാക്കാൻ ഭൂരിപക്ഷമുണ്ടെങ്കിൽ ഇന്ന് വൈകീട്ട് 7.30-ന് മുമ്പ് തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. അതെസമയം മഹാരാഷ്ട്രയിലെ പ്രതിസന്ധിയിൽ ചർച്ചകൾക്കായി കോൺഗ്രസ് പ്രാദേശിക നേതാക്കൾ ഇന്ന് ഡൽഹിയിലേക്ക്.

ഇന്നലെ വൈകീട്ടോടെ ബിജെപി നിയമസഭാ കക്ഷി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കണ്ട് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരിക്കാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ഗവർണർ ഭഗത് സിങ് കോഷിയാരി ശിവസേന നിയമസഭാ കക്ഷി നേതാവ് ഏക്നാഥ് ഷിൻഡെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്.

288 അംഗ നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാൻ വേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 105 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. സഖ്യകക്ഷിയായ ശിവസേനയ്ക്കൊപ്പം ചേർന്നാൽ ഭൂരിപക്ഷം ലഭിക്കുമായിരുന്നെങ്കിലും മുഖ്യമന്ത്രിപദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുന്നണിയ്ക്ക് സമവായത്തിലെത്താൻ കഴിയാതെ വന്നതാണ് പ്രസിസന്ധിയ്ക്കിടയാക്കിയത്.