പ്രിന്‍സിപ്പല്‍ നിയമന വിവാദത്തില്‍ സർക്കാരിന് തിരിച്ചടി; പിഎസ്‌സി പട്ടികയില്‍ നിന്ന് ഉടന്‍ നിയമനം നടത്തണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ്

Jaihind Webdesk
Thursday, August 3, 2023

 

തിരുവനന്തപുരം: കോളേജ് പ്രിന്‍സിപ്പല്‍ നിയമന വിവാദത്തില്‍ സര്‍ക്കാരിന് തിരിച്ചടി. 43 അംഗ പട്ടികയില്‍ നിന്ന് ഉടന്‍ നിയമനം നടത്തണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. പ്രിൻസിപ്പൽ നിയമനത്തിനായി പിഎസ്‌സി അംഗീകരിച്ച 43 അംഗ പട്ടികയെ കരട് പട്ടികയാക്കി മാറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടത് വലിയ വിവാദമുയർത്തിയിരുന്നു.

ഗവൺമെന്‍റ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമന കേസിലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സർക്കാരിന് കർശന നിർദേശം നൽകിയത്. നിലവിലുള്ള 43 അംഗ പട്ടികയിൽ നിന്ന് രണ്ടാഴ്ചക്കുള്ളില്‍ നിയമനം നടത്തണമെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. ഇതുവരെ യോഗ്യത നേടിയവരെ ഉള്‍പ്പെടുത്തി ഉടന്‍ ലിസ്റ്റ് പുറത്തിറക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ പിഎസ്‌സി അംഗീകരിച്ച 43 അംഗ പട്ടിക യുജിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി കരട് പട്ടിക ആക്കിയത് വലിയ വിവാദം ഉയർത്തിയിരുന്നു. ഇതിനെതിരെ പട്ടികയിൽ ഉൾപ്പെട്ട ഏഴുപേർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.

പിഎസ്‌സി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൾ നിയമനം നടത്തണമെന്ന് ട്രിബ്യൂണൽ ജൂൺ 30 ന് ഇടക്കാല വിധിയിൽ നിർദേശം നൽകിയിരുന്നെങ്കിലും സർക്കാർ ഇതിനെതിരെ റിവ്യൂ പെറ്റിഷൻ നൽകുകയായിരുന്നു. ഇതുമായി
ബന്ധപ്പെട്ട എല്ലാ ഫയലും രേഖകളുംകോടതി മുമ്പാകെ ഹാജരാക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ
കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇതു പരിശോധിച്ച ശേഷമാണ് സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പിഎസ്‌സി അംഗീകരിച്ച പട്ടികയിൽ നിന്നും നിയമനം നടത്താൻ ട്രിബ്യൂണല്‍ നിർദ്ദേശം നൽകിയത്. യോഗ്യതയില്ലാത്ത ഇടത് സംഘടനാ പ്രവർത്തകരെ തിരുകിക്കയറ്റുക എന്ന ലക്ഷ്യത്തോടെയാണ് നേരത്തെ ഈ പട്ടികയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കരട് പട്ടികയാക്കി മാറ്റിയത്. ഈ നീക്കത്തിനാണ് ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്നും കനത്ത തിരിച്ചടിയേറ്റിരിക്കുന്നത്.