കലോല്‍സവത്തില്‍ വിധികര്‍ത്താവായി ദീപാ നിശാന്ത്; പ്രതിഷേധം, അറസ്റ്റ്

Saturday, December 8, 2018

സ്കൂള്‍ കലോല്‍സവത്തില്‍ വിധികര്‍ത്താവായി ദീപ നിശാന്ത് എത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം. മലയാള ഉപന്യാസ മത്സരത്തിന്‍റെ വിധികര്‍ത്താവായാണ് ദീപാ നിശാന്ത് എത്തിയത്. വിവരമറിഞ്ഞ് മൂല്യ നിര്‍ണ്ണയം നടക്കുന്ന കോ ഓപറേറ്റീവ് സൊസൈറ്റി ഹാളിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ദീപ ഉള്‍പ്പെടെയുള്ള വിധികര്‍ത്താക്കളെ സ്ഥലത്തുനിന്ന് നീക്കുകയായിരുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം അധ്യാപികയും എഴുത്തുകാരിയും എന്ന നിലയിലാണ് ദീപയെ വിധികര്‍ത്താവായി ക്ഷണിച്ചതെന്ന് ഡി.പി.ഐ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു. കവിതാമോഷണത്തിന്‍റെ പേരില്‍ ദീപാ നിശാന്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ  പശ്ചാത്തലത്തിലായിരുന്നു കലോത്സവ വേദിയിലെ പ്രതിഷേധം.