ലാവലിൻ കേസ് നാളെ സുപ്രീംകോടതിയിൽ

Jaihind News Bureau
Tuesday, September 29, 2020

 

ന്യൂഡല്‍ഹി: എസ്എൻസി ലാവലിൻ കേസ് നാളെ സുപ്രീംകോടതിയിൽ. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ ജസ്റ്റിസ് എം വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. കഴിഞ്ഞ തവണ കേസ്‌ പരിഗണിച്ച യു യു ലളിത് അധ്യക്ഷനായ ബഞ്ച് കേസ് ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ചിലേക്ക് മടക്കി അയച്ചിരുന്നു. 16 തവണ വിവിധ കാരണങ്ങളാല്‍ മാറ്റിവെച്ച കേസുകളാണ് കോടതിക്ക് മുന്നിൽ എത്തുന്നത്.

പുതുതായി രൂപീകരിച്ച ബെഞ്ചാണ് ജസ്റ്റിസ് യു.യു ലളിതിന്‍റെ അധ്യക്ഷതയിലുള്ളത്. കഴിഞ്ഞ തവണ ജസ്റ്റിസ് ലളിത് കേസ് കേൾക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു. ഓഗസ്റ്റ് 27 നാണ് കേസ് ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരൺ എന്നിവരുടെ ബെഞ്ചിലേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 20ന് ശേഷം ഉചിതമായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ പുതിയ ബെഞ്ച് ഉത്തരവിട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. 2017 ഒക്ടോബറിലാണ് ലാവ‌‌ലിന്‍ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അന്തിമവാദം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനായിരുന്നു അവസാനം കേസ് പരിഗണനയ്ക്ക് വന്നത്.