റഫാല്‍ നാളെ സുപ്രീം കോടതിയില്‍

Tuesday, November 13, 2018

Rafale-SC-Modi

റഫാല്‍ ഇടപാട് സുപ്രീം കോടതി നാളെ പരിഗണിക്കും. റഫാൽ യുദ്ധ വിമാനക്കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറിയിരുന്നു.

ഒക്ടോബര്‍ 31ന് വിമാനങ്ങളുടെ വില അടക്കം എല്ലാ വിവരങ്ങളും നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നല്‍കാന്‍ കഴിയില്ലെന്നാണ് സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അതേസമയം പൂര്‍ണമായും ചട്ടങ്ങള്‍ പാലിച്ചാണ് കരാറുണ്ടാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

2015 മേയ് 23ന് പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനായി ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നതായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡിഫന്‍സ് പ്രൊക്യൂര്‍മെന്‍റ് പ്രൊസസുമായി മുന്നോട്ടുപോയത്. എന്നാൽ യുദ്ധവിമാനങ്ങളുടെ വില സംബന്ധിച്ച വിവരങ്ങള്‍ സുപ്രീം കോടതിയില്‍ കൈമാറിയില്ല.

മുന്‍ കേന്ദ്ര മന്ത്രിമാരും മുന്‍ ബി.ജെ.പി നേതാക്കളുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍. റഫാല്‍ കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്നുമാണ്‌ ഇവരുടെ ആവശ്യം.