കൊവിഡ് അനാഥരാക്കിയ ഒരു കുട്ടി പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം : സുപ്രീം കോടതി

Jaihind Webdesk
Friday, May 28, 2021

Supreme-Court

ന്യൂഡൽഹി : കൊവിഡിനെ തുടർന്ന് അനാഥരായ ഒരു കുട്ടിയും രാജ്യത്ത് പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി. കോടതിയുടെ പ്രത്യേക ഉത്തരവിന് കാത്തിരിക്കാതെ ഇതിനായി നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. രാജ്യത്തെ ശിശു സംരക്ഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിർദേശം.

2020 മാർച്ചിന് ശേഷമുള്ള ഇത്തരത്തിലുള്ള മുഴുവന്‍ കുട്ടികളുടെയും വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സുപ്രീം കോടതി ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.  എല്ലാ സംസ്ഥാനങ്ങളും കൊവിഡിനെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ വിവരങ്ങൾ ഞായറാഴ്ച വൈകുന്നേരത്തിന് മുമ്പ് അമിക്കസ് ക്യൂറിക്ക് കൈമാറുകയും ദേശീയ ബാലാവകാശ കമ്മീഷന്‍റെ പോർട്ടൽ ആയ ‘ബാൽ സ്വരാജിൽ’ അപ്‌ലോഡ് ചെയ്യുകയും വേണം.

അതേസമയം കൊവിഡിനെ തുടർന്ന് രാജ്യത്ത് എത്ര കുട്ടികളാണ് അനാഥരായത് എന്നോ പട്ടിണി കിടക്കുന്നത് എന്നോ വ്യക്തമായ കണക്ക് ലഭ്യമല്ലെന്ന് ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എൽ നാഗേശ്വര റാവു ചൂണ്ടിക്കാട്ടി.