ഡൽഹി ക്യാപിറ്റൽസിന് കരുത്തേകാൻ ഇനി ദാദയുടെ ഉപദേശവും

Jaihind Webdesk
Friday, March 15, 2019

ഐപിഎല്ലിൽ കന്നികിരീടം ലക്ഷ്യം വെച്ചിറങ്ങുന്ന ഡൽഹി ക്യാപിറ്റൽസിന് കരുത്തേകാൻ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ടീമിനൊപ്പം ചേർന്നു. ടീമിന്‍റെ ഉപദേശകനായാണ് ദാദയുടെ നിയമനം.

ടീമിന്‍റെ പരിശീലകനായ റിക്കി പോണ്ടിങ്ങിനും സഹ പരിശീലകനായ മുഹമ്മദ് കൈഫിനുമൊപ്പമാകും ഗാംഗുലി ടീമിനായ് തന്ത്രങ്ങൾ മെനയുക.

സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്ന് ടീമിലെത്തിച്ച ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും കൂടിചേരുന്നതോടെ ടീം ഇത്തവണ കരുത്താർജ്ജിക്കുമെന്നുറപ്പാണ്.

മൂവർ സംഘത്തിനൊപ്പം ഡൽഹിയുടെ ബൗളിങ് നിരയെ പരിശീലിപ്പിക്കുക ജയിംസ് ഹോപ്സാണെന്നതും ആരാധകർക്ക് പ്രതീക്ഷയേകുന്ന ഘടകമാണ്. ഗാംഗുലിയുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് ഡൽഹി ക്യാപിറ്റൽസ് ഫ്രാഞ്ചൈസി ചെയർമാൻ പാർത്ഥ് ജിൻഡാൽ പറഞ്ഞു. ടീമിനൊപ്പം ചേരുന്നതിലെ സന്തോഷം സൗരവ് ഗാംഗുലിയും പങ്കുവെച്ചിട്ടുണ്ട്.

ടീമിനൊപ്പം ചേരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ഡൽഹിയിലെ താരങ്ങൾക്കൊപ്പവും മറ്റു സപ്പോർട്ടിങ് സ്റ്റാഫിനൊപ്പവും സമയം ചെലവിടാൻ കഴിയുന്നത് ആകാംക്ഷയോടെയാണ് കാണുന്നതെന്നും ഗാംഗുലി പറഞ്ഞു.