നല്ലത് കാണാൻ സി.പി.എം. ജില്ലാ സെക്രട്ടറി നിലവിലുള്ള കണ്ണട മാറ്റണം: സതീശൻ പാച്ചേനി

Jaihind Webdesk
Monday, September 23, 2019

ചെറുപുഴയിലെ നിർമ്മാണ കരാറുകാരൻ ജോസഫേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം. ജില്ലാ സെക്രട്ടറിയുടെ വാദങ്ങളൊക്കെ കുരുടൻ ആനയെ കണ്ടതുപോലെയാണെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. സി.പി.എം.ജില്ലാ സെക്രട്ടറിക്ക് നിലവിൽ ഉപയോഗിക്കുന്ന കണ്ണടക്ക് പകരം പുതിയ കണ്ണട വാങ്ങി നൽകിയാൽ ചെറുപുഴ സംഭവത്തിലെ നാട്ടിലെല്ലാവർക്കും മനസ്സിലായ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്നും, അതിന് സി. പി. എം ജില്ലാ സെക്രട്ടറിയേറ്റിലെ മുതിർന്ന അംഗം മുൻകൈ എടുത്ത് കണ്ണട വാങ്ങി നൽകണമെന്നും സതീശൻ പാച്ചേനി പറഞ്ഞു.

ആന്തൂരിൽ വ്യവസായി സാജന്റ മരണത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവർ ജോസഫിന്റെ മരണത്തിൽ മൗനം ആചരിക്കുന്നു എന്ന് പറഞ്ഞ എം.വി.ജയരാജൻ ഈ നാട്ടിൽ തന്നെയല്ലേ ജീവിക്കുന്നത് എന്നും, ദേശാഭിമാനി കൂടാതെ നാട്ടിൽ ഒരു പാട് മാധ്യമങ്ങൾ ഉണ്ടെന്നും, ഇടക്കൊക്കെ അതൊന്ന് മറിച്ചു നോക്കുന്നത് നല്ലതാണെന്നും മൗനം ആചരിക്കുകയായിരുന്നോ എന്നുള്ളത് അപ്പോൾ മനസ്സിലാകുമെന്നും പാച്ചേനി പറഞ്ഞു.

ചെറുപുഴയിലെ മുതുപാറക്കുന്നേൽ ജോസഫേട്ടൻ മരണപ്പെട്ട സംഭവത്തിൽ സംസ്ക്കാര ചടങ്ങിന് ശേഷം കുടുംബാംഗങ്ങളുമായി ആലോചിച്ച് അവരുടെ താല്പര്യത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വം വിഷയത്തിൽ ഇടപെട്ടതും, കുടുംബത്തിന് നീതി കിട്ടുന്നതിനാവശ്യമായ നടപടിയിലേക്ക് നീങ്ങിയതും. കുടുംബത്തിന്റെ ആവശ്യങ്ങളും, താല്പര്യങ്ങളും സംരക്ഷിക്കാൻ ജോസഫേട്ടനുമായി നിർമ്മാണകരാർ ഉള്ള സ്ഥാപനത്തിൽ നിന്ന് ലഭിക്കാനുള്ള പണം വാങ്ങി നൽകിയതിനെ ദുരുദ്യേശപരമായി കാണുന്ന സി.പി.എം. ജില്ലാ സെക്രട്ടറിക്ക് മുതലെടുപ്പ് മനസ്സ് മാത്രമേ ഉള്ളൂ എന്നും നന്മ മനസ്സല്ല ഉള്ളത് എന്നും ഇത്തരം വില കുറഞ്ഞ പ്രതികരണങ്ങളിൽ നിന്ന് പകൽ പോലെ വ്യക്തമാണ്.

സങ്കുചിത ചിന്തയിലാണ്ട രാഷ്ട്രീയ പ്രവർത്തന ശൈലിയിലേക്ക് സി.പി.എം. ജില്ലാ സെക്രട്ടറി നീങ്ങുന്നതും പരിഹാസ്യമാണ്. പണം നല്കി കേസൊതുക്കാൻ ശ്രമിക്കുന്നു എന്ന എം.വി. ജയരാജന്റെ വാദം സ്ഥലകാലബോധമില്ലാതെ യുള്ളതാണ്. ജോസഫേട്ടന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. പിണറായി വിജയൻ തന്നെയാണ് കേരളത്തിലെ ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത കാലഘട്ടം ഓർമ്മയിലുള്ളതുകൊണ്ടാണോ ഇത്തരം മലർന്നു കിടന്നു തുപ്പുന്ന വാദങ്ങളുയർത്തികൊണ്ടു വരുന്നത്. പോലീസ് അന്വേഷണത്തിലൂടെ മരണവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്താമെന്നിരിക്കെ സി.പി.എം നേതൃത്വത്തിലാണ് കേരളത്തിൽ ഭരണം നടക്കുന്നത് എന്ന ഓർമ്മയില്ലാതെയുള്ള വാക്കുകളാണ് ഇതെന്നുള്ളത് വ്യക്തമാണ്.

ഗീബൽസിയൻ തന്ത്രവുമായി സി.പി.എം. ജില്ലാ സെക്രട്ടറി രംഗത്ത് ഇറങ്ങിയാൽ യാഥാർത്ഥ്യ ബോധമുള്ള ഒരു വിഭാഗം സി.പി.എം. പ്രവർത്തകർക്ക് പോലും വസ്തുത മനസ്സിലാകുന്നുണ്ടെന്നും, നേതാക്കൾക്ക് റാൻ മൂളുന്ന സി.പി.എം. ഭാരവാഹികൾ മാത്രമേ സി.പി.എം ജില്ലാ സെക്രട്ടറി പറയുന്നത് വിശ്വസിക്കാൻ പോകുന്നുള്ളുവെന്നും സതീശൻ പാച്ചേനി പറഞ്ഞു.

ആന്തൂർ സംഭവത്തിൽ ധർമ്മശാലയിൽ പൊതുയോഗം നടത്തി പരസ്യമായി പ്രസംഗിച്ചതൊക്കെ വിഴുങ്ങേണ്ടി വന്ന ജില്ലയിലെ സി.പി.എം. നേതാക്കൾക്ക് രാഷ്ട്രീയ പരമായി നട്ടെല്ലുണ്ടെങ്കിൽ ആന്തൂരിലെ പ്രാദേശിക പാർട്ടി പ്രവർത്തകരുടെ താല്പര്യത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നും, സംസ്ഥാന കമ്മിറ്റി ചേർന്നപ്പോൾ എടുത്ത തീരുമാനത്തിന് റാൻ മൂളേണ്ടി വന്ന സി.പി.എം. ജില്ലാ സെക്രട്ടറിയുടെ ഗതികേടോർത്ത് സഹതാപം മാത്രമേ ഉള്ളൂ എന്നും സതീശൻ പാച്ചേനി പറഞ്ഞു.