യൂത്ത് കെയർ പ്രവർത്തകർക്ക് നേരെ അതിക്രമം ; കൊവിഡിനേക്കാള്‍ ഭീകര വൈറസായി ഡിവൈഎഫ്ഐ മാറി : സതീശൻ പാച്ചേനി

Jaihind Webdesk
Wednesday, June 23, 2021

കണ്ണൂർ : കൊവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്യുന്ന ആർആർടി വളണ്ടിയർമാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി അക്രമിക്കാൻ നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ
കൊറോണ വൈറസുകളെക്കാൾ ഭീകര വൈറസുകളായി മാറുകയാണെന്നും ഇത് നാടിന് ഗുണം ചെയ്യില്ലെന്നും ഡി.സി.സി പ്രസിഡന്‍റ്  സതീശൻ പാച്ചേനി പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ പ്രവർത്തകരെ കോളയാടിലും, കതിരൂരും ഏച്ചുരിലും ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്നദ്ധപ്രവർത്തനത്തിൽ രാഷ്ട്രീയം കളിക്കുന്ന സിപിഎമ്മിന്റെ ചട്ടുകമായി ഡിവൈഎഫ്ഐ മാറുകയാണെന്നും സേവനരംഗത്ത് പോലും സഹിഷ്ണുത കാണിക്കാത്ത ജനവിരുദ്ധ നടപടികളാണ് സിപിഎം നേതൃത്വത്തിൽ ജില്ലയിൽ പലയിടങ്ങളിലും സ്വീകരിക്കുന്നതെന്നും സതീശൻ പാച്ചേനി പറഞ്ഞു.