മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്തം: സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് നടത്തി യൂത്ത് ലീഗ്; കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, June 11, 2022

 

സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു. കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. പിന്നീട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ മാധ്യമപ്രവർത്തകര്‍ക്ക് പോലും പാസ് വെച്ചായിരുന്നു പ്രവേശനം. കറുത്ത വസ്ത്രമോ മാസ്കോ ധരിച്ച് എത്തരുതെന്ന നിർദേശവും മാധ്യമപ്രവർത്തകർക്ക് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ അസാധാരണമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ പൊതുജനത്തെ മണിക്കൂറുകളോളം ബന്ദിയാക്കുന്ന സ്ഥിതിയായിരുന്നു കോട്ടയത്ത്. റോഡുകള്‍ അടച്ച പോലീസ് ഒന്നര മണിക്കൂർ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതോടെ രോഗികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പെരുവഴിയിലായി. ഇതിനെതിരെ പൊതുജനത്തിനിടയില്‍ ശക്തമായ പ്രതിഷേധമുണ്ട്. അതേസമയം മുഖ്യമന്ത്രി ഇത്ര ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവർ ഉയർത്തുന്നത്.

 

 

യൂത്ത് ലീഗ് പ്രവർത്തകർ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രവർത്തകർക്ക് നേരെ പോലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫോട്ടോ പതിപ്പിച്ച ലുക്കൗട്ട് നോട്ടീസ് ബാരിക്കേഡിൽ ഒട്ടിച്ചായിരുന്നു യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകർ പോലീസ് ആസ്ഥാനത്തെ റോഡിന് മുന്നിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു.

മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബാരിക്കേഡ് വെച്ച് മാർച്ച് പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കാര്യയറ നസീർ ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ചു നടത്തിയ സമരത്തിൽ പ്രതിഷേധമിരമ്പി. വിദ്യാനഗർ ഗവണ്‍മെന്‍റ് കോളേജ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ ഓഫീസിനടുത്തുള്ള റോഡിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ രാജിക്കായി സംസ്ഥാന വ്യാപകമായി അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.