പെരുമാറ്റച്ചട്ടലംഘനം : ബിജെപിക്കും ശബരിമല കർമ സമിതിക്കുമെതിരെ ശശിതരൂർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ

Jaihind Webdesk
Thursday, March 21, 2019

ബിജെപിക്കും ശബരിമല കർമ സമിതിക്കുമെതിരെ കോൺഗ്രസ് നേതാവ് ശശിതരൂർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. അയ്യപ്പന്‍റെ പേരിൽ വോട്ടർമാരുടെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിക്കുന്നവെന്നാരോപിച്ചാണ് പരാതി. ഇത് പെരുമാറ്റച്ചട്ടലംഘനമാണെന്നും തരൂർ ആരോപിക്കുന്നു.

മണ്ഡലങ്ങളിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും സ്ഥാനാർഥികളാക്കിയിരിക്കുന്നത് ശബരിമല ഭക്തരുടെ താത്പര്യങ്ങൾക്ക് എതിര് നിൽക്കുന്നവരെയാണെന്ന പ്രചാരണങ്ങൾക്കു പിന്നാലെയാണ് തരൂർ പരാതി നൽകിയത്. തിരുവനന്തപുരം മണ്ഡലത്തിൽ സ്വതന്ത്രവും നല്ല രീതിയിലുമുള്ള തെരഞ്ഞെടുപ്പിനെ തടസപ്പെടുത്താനുള്ള തെറ്റായ ശ്രമങ്ങൾ ബിജെപിയും ശബരിമല കർമ സമിതിയും നടത്തിവരികയാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് എഴുതിയ കത്തിൽ തരൂർ വ്യക്തമാക്കിയിരിക്കുന്നു. വോട്ടർമാരുടെ മത വികാരം വ്രണപ്പെടുത്തുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും തരൂർ ആരോപിക്കുന്നു.

വോട്ടർമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതുന്ന കത്ത്, www.bharatkemannkibaat.comൽ പ്രസിദ്ധീകരിച്ച പോസ്റ്റർ, വോട്ടർമാരോട് ശബരിമല കർമ സമിതിയുടെ അഭ്യർഥന എന്നിവയിലൂടെ പ്രചാരണം നടത്താനാണ് ശ്രമിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരത്തെ പല വീടുകളിലും ഇവ ഉണ്ടെന്നും തരൂർ പറയുന്നു.
അയ്യപ്പ ഭക്തരുടെ വികാരങ്ങൾ വ്രണപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രതിച്ഛായയെ മോശമാക്കി ചിത്രീകരിക്കുന്നുമുണ്ട്.  ശബരിമല ഭക്തരുടെ താത്പര്യങ്ങളെ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും തകർക്കുകയാണെന്നും ഇതിൽ ആരോപിക്കുന്നു.  തന്‍റെ പേരിൽ തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും തരൂർ ആരോപിക്കുന്നു. അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു.[yop_poll id=2]