ആദ്യം തല്ല്, പിന്നാലെ സസ്പെന്‍ഷന്‍; SFI പ്രവര്‍ത്തകര്‍ മര്‍ദിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടി

എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ നിന്ന്  മര്‍ദനം ഏല്‍ക്കേണ്ടിവന്ന പോലീസുദ്യോഗസ്ഥന്  സസ്പെന്‍ഷന്‍. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടെന്ന് കാണിച്ചാണ് എസ്.എ.പി ക്യാമ്പിലെ പോലീസുദ്യോഗസ്ഥനായ ശരത്തിനെതിരായ അച്ചടക്കനടപടി. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ താന്‍ പോസ്റ്റിട്ടില്ലെന്നും പരാതി വ്യാജമാണെന്നുമാണ് ശരത്ത് പറയുന്നത്.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡിലിട്ട് മര്‍ദിച്ച രണ്ട് പോലീസുകാരില്‍ ഒരാളാണ് ശരത്. പാളയം യുദ്ധസ്മാരകത്തിനടുത്ത് 2018 ഡിസംബർ 12നായിരുന്നു സംഭവം. സിഗ്നല്‍ ലംഘിച്ച് യു ടേണ്‍ എടുക്കുന്നത് തടഞ്ഞതിനായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ശരത്, വിനയചന്ദ്രന്‍ എന്നീ പോലീസുദ്യോഗസ്ഥരെ നടുറോഡില്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്‍റ് നസീമിന്‍റെയും പ്രവർത്തകനായ ആരോമലിന്‍റെയും നേതൃത്വത്തിലായിരുന്നു പോലീസുകാരെ മര്‍ദിച്ചത്.

കേസ് ഇല്ലാതാക്കാൻ സി.പി.എം ജില്ലാ നേതൃത്വം പൊലീസില്‍ സമ്മർദം ചെലുത്തിയിരുന്നു. പാര്‍ട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസിനും കേസില്‍ മുന്നോട്ടുപോകാനായില്ല. എന്നാല്‍ മുഖ്യ പ്രതി ഒളിവിലാണെന്ന് പോലീസ് പറയുമ്പോള്‍ തന്നെ മന്ത്രി എ.കെ ബാലൻ പങ്കെടുത്ത പരിപാടിയിൽ നസീം പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ പാര്‍ട്ടി വെട്ടിലായി.  ഇതിന് പിന്നാലെയായിരുന്നു നസീമിന്‍റെ കീഴടങ്ങല്‍ നാടകം.

മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ പ്രതികരിച്ചെന്ന് ആരോപിച്ചാണ് ഇപ്പോള്‍ പോലീസുദ്യോഗസ്ഥനെതിരെ നടപടി എടുത്തിരിക്കുന്നത്.

sfi attacksarath
Comments (0)
Add Comment