തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയ്ക്കുള്ള മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ലെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാമെന്നും നിയമോപദേശത്തിൽ പറയുന്നു. നാളെ വൈകിട്ട് തലസ്ഥാനത്ത് എത്തുന്ന ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ തീരുമാനം കാത്തിരിക്കുകയാണ് സർക്കാർ.
സജി ചെറിയാൻ മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതിനുള്ള വഴി കൂടുതൽ സജീവമാക്കുകയാണ് സർക്കാർ. സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാനാകില്ലെന്നും ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാമെന്നും സ്റ്റാന്‍ഡിംഗ് കൗൺസിൽ ഗവർണർക്ക് നൽകിയ നിയമോപദേശത്തിൽ പറയുന്നു. ഭരണഘടനയെ വിമർശിച്ച് ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാന്‍റെ വിവാദ പ്രസംഗം. വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ജൂലൈ ആറിന് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചു.
കേസ് അന്വേഷിച്ച പോലീസ് വക ക്ലീൻ ചിറ്റ് കിട്ടിയതോടെയാണ് തിരിച്ചുവരവിന് കളമൊരുങ്ങിയത്. ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അത് കൊണ്ട് സജി ചെറിയാനെതിരെ കേസ് നിലനിൽക്കില്ലെന്നുമുള്ള നിയമോപദേശം പോലീസ് തിരുവല്ല കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് അവസാനിപ്പിക്കാൻ പോലീസ് നൽകിയ അപേക്ഷയിൽ കോടതി തീരുമാനം ഔദ്യോഗികമായി വരാനുണ്ടെങ്കിലും അതിൽ മറ്റ് പ്രശ്‌നങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ ചുവടുപിടിച്ചാണ് സജി ചെറിയാന്‍റെ തിരിച്ചുവരവിന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുക്കുന്നത്.
നാളെ വൈകിട്ട് ഗവർണർ തിരിച്ചെത്തുന്നതോെട സത്യപ്രതിജ്ഞാ ചടങ്ങുകൾ വേഗത്തിലാക്കാനാണ് സർക്കാർ നീക്കം. ജനുവരി നാല് ബുധനാഴ്ച സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ കൈകാര്യം ചെയ്തിരുന്ന സാംസ്‌കാരികം, ഫിഷറീസ്, യുവജനക്ഷേമ വകുപ്പുകൾ തന്നെ സജി ചെറിയാന് നൽകാനാണ് സാധ്യത. മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് പുനർവിന്യസിച്ച സ്റ്റാഫുകളേയും തിരിച്ചുനൽകാനാണ് സർക്കാർ നീക്കം.