ചെറുകിട കർഷകരുടെ കാർഷിക വായ്പകള്‍ എഴുതി തള്ളണം ; ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ പ്രതിസന്ധികള്‍ സർക്കാർ അടിയന്തരമായി പരിഹരിക്കണം : സജീവ് ജോസഫ് എംഎല്‍എ

Jaihind Webdesk
Tuesday, June 1, 2021

തിരുവനന്തപുരം :  കാർഷിക മേഖലയിലെ സാമ്പത്തിക പ്രതിസന്ധികള്‍ പരിഗണിച്ച് ചെറുകിട കർഷകരുടെ കാർഷിക വായ്പകള്‍ എഴുതിതള്ളണമെന്ന് ഇരിക്കൂർ എംഎല്‍എ അഡ്വ. സജീവ് ജോസഫ് നിയമസഭയില്‍ ആവശ്യപ്പെട്ടു.

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ നന്ദി പ്രമേയ ചർച്ചയെ എതിർത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബറിന്  താങ്ങുവില നിശ്ചയിക്കണമെന്നും മറ്റ് കാർഷികോല്‍പ്പന്നങ്ങളുടെ വിലത്തകർച്ച പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യുഡിഎഫ് സർക്കാർ റബ്ബറിന് 150 രൂപ താങ്ങുവിലയായി നല്‍കിയെങ്കിലും പിന്നീട് വന്ന ഇടത് സർക്കാർ നാളിതുവരെ ഒരു രൂപപോലും വർദ്ധിപ്പിക്കാത്തതിനെ  സജീവ് ജോസഫ് വിമർശിച്ചു.

പ്രവേശനോത്സവത്തിന് ആഭിവാദ്യമർപ്പിച്ച് , ഓൺലൈന്‍ പഠനത്തിന് വിദ്യാർത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉയർത്തിക്കാട്ടി. ടിവിയും സ്മാർട്ട് ഫോണും മറ്റ് പഠന ഉപകരണങ്ങളും ഇല്ലാത്തതിനാലും ഇലക്ട്രിക്സിറ്റി  നെറ്റ് വർക്ക് പ്രശ്നങ്ങളാലും മലയോരങ്ങളിലും ആദിവാസി മേഖലകളിലും വിദ്യാർത്ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.