‘പാണക്കാട് കുടുംബത്തിലെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ല’ ; ജലീലിന് സാദിഖലി തങ്ങളുടെ മറുപടി

Jaihind Webdesk
Saturday, August 7, 2021

മലപ്പുറം : കെ.ടി ജലീലിന് സാദിഖലി തങ്ങളുടെ മറുപടി. പാണക്കാട് കുടുംബത്തിന്‍റെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്ന് അദ്ദേഹം  പറഞ്ഞു. കെ.ടി ജലീലിന്റെ ഭീഷണി പേടിക്കുന്ന പാര്‍ട്ടിയല്ല മുസ്‍ലിം ലീഗെന്ന് ഇ.ടി. മുഹമ്മദ് ബഷീറും പറഞ്ഞു.

മുഈനലി തങ്ങളുടെ നടപടി കുടുംബത്തിന്‍റെ പാരമ്പര്യത്തിന് ചേര്‍ന്നതായില്ലെന്നും മുസ്‌‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കുടുംബത്തിന്‍റെ കീഴ്‌‌വഴക്കം മുഈനലി ലംഘിച്ചു. അത് തെറ്റാണെന്ന് മുഈനലിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനം ശരിയായില്ലെന്ന് സാദിഖലി തങ്ങള്‍ തുറന്നുപറഞ്ഞു. നടപടിക്കാര്യം ഹൈദരലി തങ്ങള്‍ പ്രഖ്യാപിക്കും. അദ്ദേഹത്തെ യോഗത്തിന്‍റെ വിലയിരുത്തല്‍ ധരിപ്പിക്കും. കുടുംബവുമായി ബന്ധപ്പെട്ട വിഷയമായത് കൊണ്ടാണ് ഇക്കാര്യം ഈ വിധത്തില്‍ ചര്‍ച്ച ചെയ്തു.

പ്രസ്താവന പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്നതാണ്. ലീഗില്‍ ഒരു വിഭാഗീയതയുമില്ല. കെടി ജലീലിന്‍റെ ഭീഷണിയെ ഭയപ്പെടുന്നില്ല. ലീഗില്‍ ജനാധിപത്യപരമായ ചര്‍ച്ചകളാണ് നടക്കുന്നത്. അതേസമയം വാര്‍ത്താസമ്മേളനം അലങ്കോലമാക്കിയ റാഫി പുതിയകടവിനെ സസ്പെന്‍ഡ് ചെയ്തു.