
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ പ്രവാസി വ്യവസായിയുടെ വെളിപ്പെടുത്തലില്‍ നിര്‍ണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രംഗത്ത്. വിദേശ വ്യവസായിയുടെ മൊഴിയില്‍ പരാമര്‍ശിക്കുന്ന ചെന്നൈ സ്വദേശിയായ ഡി.മണി എന്നയാള്‍ ഉണ്ടെന്ന് എസ്‌ഐടി സ്ഥിരീകരിച്ചു. ഇയാളുടെ സംഘത്തിലുള്ളവരെ ഇതിനോടകം ഫോണില്‍ ബന്ധപ്പെട്ട അന്വേഷണ സംഘം, കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ചെന്നൈയിലേക്ക് തിരിച്ചു.
ശബരമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നും ഇത് ഡി.മണി വാങ്ങിയെന്നുമാണ് ദുബായിലെ വ്യവസായി മൊഴി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല നല്‍കിയ രേഖാമൂലമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി വ്യവസായിയെ ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തിയത്. 2019-20 കാലയളവിലാണ് വിഗ്രഹങ്ങള്‍ കടത്തിയതെന്നും ഇതിന് പിന്നില്‍ ഒരു രാജ്യാന്തര സംഘം തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വ്യവസായി വെളിപ്പെടുത്തി. ശബരിമലയുടെ ഭരണച്ചുമതലയുള്ള ഒരു ഉന്നതന്‍ ഈ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായും മൊഴിയില്‍ പറയുന്നു.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ് ഈ ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് വ്യവസായിയുടെ മൊഴിയിലുള്ളത്. 2020 ഒക്ടോബര്‍ 26-ന് തിരുവനന്തപുരത്ത് വെച്ച് പണം കൈമാറിയതായും ഡി.മണിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഭരണതലത്തിലുള്ള ആ ഉന്നതനും മാത്രമാണ് അന്ന് പങ്കെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ വ്യവസായി നല്‍കിയ മൊഴിയുടെ വിശ്വാസ്യത ഉറപ്പുവരുത്താനുള്ള പ്രാഥമിക പരിശോധനയിലാണ് അന്വേഷണ സംഘം. ഡി.മണിയെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നതോടെ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാകും.