ശബരിമല സ്വര്‍ണ്ണക്കൊള്ള: തമിഴ്നാട് വ്യവസായി ഡി. മണിക്ക് എസ്.ഐ.ടിയുടെ ക്ലീന്‍ ചിറ്റ്

Jaihind News Bureau
Thursday, January 8, 2026

 

ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ തമിഴ്നാട് വ്യവസായി ഡി. മണിക്ക് പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണിയെ പലതവണ ചോദ്യം ചെയ്യുകയും റെയ്ഡ് നടത്തുകയും ചെയ്തിരുന്നെങ്കിലും കേസിലെ പ്രധാന പ്രതിയുമായി ഇദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. രമേശ് ചെന്നിത്തലഎം എല്‍ എ നിര്‍ദ്ദേശിച്ച വ്യവസായി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘത്തിന് കേസില്‍ പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു മണിക്കെതിരെ അന്വേഷണം നടന്നത്.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മണിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഡിണ്ടിഗല്‍ സ്വദേശിയായ മണിയെ തമിഴ്നാട്ടിലെത്തിയും തിരുവനന്തപുരത്ത് വിളിച്ചുവരുത്തിയും എസ്ഐടി വിശദമായി ചോദ്യം ചെയ്തിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ വസതിയിലും സ്ഥാപനങ്ങളിലും റെയ്ഡും നടത്തിയിരുന്നു. രാജ്യാന്തര വിഗ്രഹക്കടത്ത് സംഘത്തിന് ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉള്ള പങ്കിനെ കുറിച്ചും പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയതിനെ കുറിച്ചും തെളിവുകള്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള രാജ്യാന്തര വിഗ്രഹക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന സംശയം ഇല്ലാതായതോടെ, അന്വേഷണം വീണ്ടും പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്കും അയാളുടെ പ്രാദേശിക ബന്ധങ്ങളിലേക്കും ചുരുങ്ങും. മണി സ്വര്‍ണം വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞതോടെ, മോഷ്ടിക്കപ്പെട്ട സ്വര്‍ണവും വിഗ്രഹങ്ങളും യഥാര്‍ത്ഥത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടത് എവിടേക്കാണ് എന്നത് കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാകും. ഇത് കണ്ടെത്താന്‍ പുതിയ വഴികള്‍ തേടേണ്ടി വരും. ഹൈക്കോടതിയുടെ തുടര്‍നിര്‍ദ്ദേശങ്ങളും ഇതില്‍ നിര്‍ണ്ണായകമാകും.