ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാര്‍ എവിടെ? അറസ്റ്റ് ഭയന്ന് മുങ്ങിയോ?

Jaihind News Bureau
Thursday, November 13, 2025

ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പത്മകുമാര്‍ ഉടന്‍ അറസ്റ്റിലാകാന്‍ സാധ്യതയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. എസ്.ഐ .ടി അന്വേഷണ സംഘം രണ്ടുതവണ നോട്ടീസ് കൊടുത്തിട്ടും ഹാജരായില്ല. ഇപ്പോള്‍ എ.പത്മകുമാറിനെ വീടിന് പുറത്തേക്ക് പോലും കാണാനില്ല. അറസ്റ്റ് ഭയന്ന് മുങ്ങി യതാവാം എന്നാണ് അഭ്യൂഹങ്ങള്‍. കേരള രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ തികച്ചും പ്രതിരോധത്തിലാക്കുന്നതാണ് ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവരങ്ങള്‍. കേസിലെ പുതിയ വെളിപ്പെടുത്തലുകളും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ജയിലിലായതും എ. പത്മകുമാറിനെ അന്വേഷണ സംഘം വിളിപ്പിക്കുന്നതും സര്‍ക്കാരിനും പാര്‍ട്ടിക്കും നില്‍ക്കക്കള്ളിയില്ലാത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഇതു സ്വാധീനം ചെലുത്തുമെന്നതില്‍ സംശയമില്ല.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കുന്നതായിരുന്നു സിപിഎമ്മിന്റെ മാനസപുത്രന്‍ വാസുവിന്റെ അറസ്റ്റ്. എന്നാല്‍, സര്‍ക്കാരിന് നേരെയുള്ള തിരിച്ചടികള്‍ അവിടെയും അവസാനിച്ചില്ല. 2019-ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ കട്ടിളപ്പാളിയെ ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തി കടത്താനായി അന്ന് ദേവസ്വം കമ്മീഷണറായിരുന്ന വാസു നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചത് അന്നത്തെ ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം പത്മകുമാറിലേക്ക് എത്തിയത്. തന്റെ നേര്‍ക്ക് തിരിയുമെന്ന് ഉറപ്പായപ്പോള്‍ തന്നെ പത്മകുമാര്‍ ഏതാണ്ട് മുങ്ങിയിരിക്കുകയാണ്. തുടക്കത്തിലെ ആവേശവും നിലപാടും ഇപ്പോള്‍ എവിടെയെന്നാണ് കേരളം ചോദിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ മുതിര്‍ന്ന സി.പി.എം. നേതാവും കോന്നി മുന്‍ എം.എല്‍.എയുമാണ് എ. പത്മകുമാര്‍. ശബരിമലയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയായതിനാല്‍, കട്ടിളപ്പാളികള്‍ സ്വര്‍ണ്ണം പൊതിഞ്ഞതാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. എന്നിട്ടും വാസുവിന്റെ ‘ചെമ്പ്’ റിപ്പോര്‍ട്ടിന് എന്തിനാണ് അംഗീകാരം നല്‍കിയതെന്ന ചോദ്യത്തിന് പത്മകുമാര്‍ മറുപടി പറയേണ്ടിവരും. നിലവില്‍ പത്മകുമാറിനെ ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഹാജരായിട്ടില്ല. എന്തായാലും സ്വര്‍ണ്ണകൊള്ള വിവാദത്തില്‍ നില്‍ക്കക്കള്ളിയില്ലാതെ നട്ടം തിരിയുകയാണ് സിപിഎം. പിഎംശ്രീ വിവാദം ആളി കത്തിച്ച് ശ്രദ്ധ തിരിക്കാനുള്ള ശ്രമം ഒരു വശത്ത് കൂടി നടത്തുന്നുണ്ടെങ്കിലും ഓരോ മണിക്കൂറിലും പുറത്തു വരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ വെട്ടിലാവുകയാണ് പത്മകുമാറും സിപിഎമ്മും.