
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇന്ന് സിപിഎമ്മിന് നിര്‍ണ്ണായക ദിനം. പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്വര്‍ണക്കൊള്ളയിലെ ആറാമനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ അറസ്റ്റിലായതോടെ, ഉദ്യോഗസ്ഥരെ മാത്രം പഴിചാരി രക്ഷപ്പെടാനുള്ള പിണറായി സര്‍ക്കാരിന്റെ ഒത്തുകളിയുടെ കള്ളി വെളിച്ചത്തായി. അറസ്റ്റിന് ശേഷം പത്മകുമാര്‍ നല്കുന്ന ഓരോ മൊഴിയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരെ സംശയത്തിന്റെ നിഴല്‍ നീട്ടുന്നതാണ്.
സ്വര്‍ണ്ണപ്പാളി കൈമാറാന്‍ തീരുമാനമെടുത്തത് സര്‍ക്കാരിന് ലഭിച്ച അപേക്ഷ പ്രകാരമാണെന്ന പത്മകുമാറിന്റെ മൊഴിയിലൂടെ പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം നീളുന്നുവെന്ന സൂചനകള്‍ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ സ്വര്‍ണക്കൊള്ളയിലെ ഏഴാമത്തെ വിക്കറ്റ് സിപിഎമ്മിന്റെ പ്രിയങ്കരനായ കടകംപള്ളിയുടേതാകുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ഏഴ് ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഈ റിപ്പോര്‍ട്ട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനം കുറിക്കാന്‍ സാധ്യതയുണ്ട്. അയ്യപ്പ ഭക്തരെ ഒറ്റിക്കൊടുത്ത ഈ അഴിമതി സര്‍ക്കാരിന് കേരള ജനത വോട്ട് നല്‍കില്ലെന്ന് ഉറപ്പാണ്. ഇന്ന് കോടതിയില്‍ നിന്ന് സര്‍ക്കാരിനെതിരെ പരാമര്‍ശമുണ്ടായാല്‍, മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളോട് മറുപടി പറയേണ്ടിവരും.