
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കും. മുന്‍ പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍. വാസുവിന്റെ അറസ്റ്റിന് പിന്നാലെയാണ് അന്വേഷണം പത്മകുമാറിലേക്ക് നീണ്ടത്. കേസില്‍ പത്മകുമാറിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും എന്നാണ് സൂചന.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ചൊവ്വാഴ്ച വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് വേണ്ടിയുള്ള സാമ്പിളുകള്‍ അന്വേഷണ സംഘം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ശേഖരിക്കും.
സ്വര്‍ണക്കൊള്ള വിവാദം കൊടുമ്പിരികൊണ്ടിരിക്കെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പ്രസിഡന്റായും മുന്‍ മന്ത്രി കെ. രാജു അംഗമായും ഇന്ന് രാവിലെ 11:30 ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രണ്ട് വര്‍ഷത്തേക്കാണ് പുതിയ ഭരണസമിതിയുടെ കാലാവധി. മുന്‍ പ്രസിഡന്റ് പി. എസ്. പ്രശാന്തും അംഗം എ. അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് യാത്രയയപ്പ് സമ്മേളനം പോലും ഒഴിവാക്കിയാണ് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നത്.
അതിനിടെ സ്വര്‍ണത്തിന്റെ മറവില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ സാധ്യത എന്നിവ പരിഗണിച്ച് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി ഇ.ഡി. കേസെടുത്ത് അന്വേഷണം ആരംഭിച്ചേക്കും.