
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് രാഷ്ട്രീയ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ ശബരിമല ഘടകം പ്രധാനമാണെന്ന് തിരിച്ചറിഞ്ഞ എല്‍.ഡി.എഫ്, വിഷയം രാഷ്ട്രീയമായി തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ്. അതേസമയം, സര്‍ക്കാരിനെതിരെയുള്ള ഏറ്റവും ശക്തമായ ആയുധമായി ഇതിനെ മാറ്റാനാണ് യു.ഡി.എഫ് നീക്കം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചയാവാതിരിക്കാന്‍ ഇടതുപക്ഷം ശ്രമിച്ചെങ്കിലും ഫലം പരാജയമായിരുന്നു. ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിരോധത്തിലാവാതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് രാഷ്ട്രീയ അജണ്ട നിശ്ചയിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ്. കേസില്‍ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ധനും സോണിയാ ഗാന്ധിയെ കണ്ടത് ചൂണ്ടിക്കാട്ടി, കേസിന് പിന്നില്‍ യു.ഡി.എഫ് ബന്ധമുണ്ടെന്ന സംശയം ഉയര്‍ത്തിയാണ് മുഖ്യമന്ത്രി പ്രചാരണത്തിന് തുടക്കമിട്ടത്.
കേസില്‍ പ്രതികളായവര്‍ സി.പി.എം നേതാക്കളാണെന്നത് സര്‍ക്കാരിനെ വെട്ടിലാക്കുന്നു. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അന്വേഷണ പരിധിയില്‍ വന്നത് ഇടതുപക്ഷത്തിന് വലിയ ആഘാതമാണ്. കോടതി നിര്‍ദ്ദേശിച്ച സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതും, നഷ്ടപ്പെട്ട മുഴുവന്‍ സ്വര്‍ണ്ണവും കണ്ടെത്താനാവാത്തതും സര്‍ക്കാരിന് തിരിച്ചടിയാണ്. സി.പി.എം നേതാക്കള്‍ പ്രതികളായ കേസില്‍ മുഖ്യമന്ത്രി നടത്തുന്ന പ്രചാരണങ്ങള്‍ ജനങ്ങള്‍ വിശ്വാസത്തിലെടുക്കില്ലെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. അന്വേഷണ സംഘത്തില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ ‘ചാരന്മാരെ’ നിയോഗിച്ചെന്ന ഗുരുതര ആരോപണവും പ്രതിപക്ഷം ഉയര്‍ത്തുന്നു.
‘സി.പി.എം നേതാക്കള്‍ പങ്കാളികളായ സ്വര്‍ണ്ണക്കടത്തിനെക്കാള്‍ വലുതായി സോണിയ ഗാന്ധിയോടൊപ്പമുള്ള ഫോട്ടോ ഉയര്‍ത്തിക്കാട്ടുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത് മറന്നോ?’ എന്ന് യു.ഡി.എഫ് മറുചോദ്യം ഉന്നയിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ പാളിച്ചകള്‍ നിയമസഭയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സി.പി.എമ്മും, ഭരണം പിടിച്ചെടുക്കാന്‍ ഈ വിഷയം ഉയര്‍ത്തിപിടിക്കാന്‍ യു.ഡി.എഫും ശ്രമിക്കുമ്പോള്‍ കേരള രാഷ്ട്രീയം വരും ദിവസങ്ങളില്‍ കൂടുതല്‍ കലുഷിതമാകുമെന്ന് ഉറപ്പാണ്.