അബുദാബി : റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തി. യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ പുടിന് രാജകീയ സ്വീകരണം നല്കി. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു റഷ്യന്‍ നേതാവ് യു.എ.ഇ സന്ദര്‍ശിക്കുന്നത്.
അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പുടിനെ വരവേറ്റു. തലസ്ഥാനത്തെ റോഡുകള്‍ ഇരു രാജ്യങ്ങളുടെയും പതാകകള്‍ കൊണ്ട് അണിഞ്ഞ് ഒരുക്കിയിരുന്നു. ആകാശത്ത് വ്യോമാഭ്യാസ പ്രകടനവും അരങ്ങേറി.
ഇതോടൊപ്പം യു.എ.ഇ-റഷ്യ വാരാഘോഷത്തിനും എമിറേറ്റ്സ് പാലസില്‍ സാംസ്കാരിക പരിപാടികളോടെ തുടക്കമായി. ബഹിരാകാശ നിലയത്തിലെ യു.എ.ഇയുടെ വിജയകരമായ ദൗത്യത്തെ തുടര്‍ന്ന് യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികന് റഷ്യയില്‍ നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദര്‍ശനം. ഊര്‍ജം, ടൂറിസം, വ്യാപാരം, ബഹിരാകാശം തുടങ്ങിയ പതിനഞ്ചോളം സുപ്രധാന കരാറുകളിലും ഇരുരാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവെക്കും.