INDIA| റഷ്യന്‍ എണ്ണ ഇറക്കുമതി: അമേരിക്കയുടേയും യൂറോപ്പിന്റെയും ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് ഇന്ത്യ

Jaihind News Bureau
Tuesday, August 5, 2025

 

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാടുകളെ വിമര്‍ശിച്ച അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും ശക്തമായ മറുപടിയുമായി ഇന്ത്യ രംഗത്ത്. രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയും ദേശീയ താല്‍പ്പര്യങ്ങളും മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ ഈ തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണിക്കും യൂറോപ്യന്‍ യൂണിയന്റെ വിമര്‍ശനങ്ങള്‍ക്കും പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

യുക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള ഊര്‍ജ്ജ വിപണിയില്‍ ഉണ്ടായ പ്രതിസന്ധിയില്‍, പരമ്പരാഗത വിതരണക്കാര്‍ യൂറോപ്പിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിച്ചപ്പോള്‍, ഇന്ത്യക്ക് കുറഞ്ഞ വിലയില്‍ എണ്ണ ലഭ്യമാക്കിയത് റഷ്യയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത് ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഉറപ്പാക്കാന്‍ അനിവാര്യമായിരുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചപ്പോള്‍, അത് ആഗോള ഊര്‍ജ്ജ വിപണിയെ സ്ഥിരപ്പെടുത്താന്‍ സഹായിക്കുമെന്ന് അമേരിക്ക തന്നെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ഇന്ധനം ലഭ്യമാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍, തന്ത്രപരമായ ആവശ്യകതകള്‍ ഇല്ലാതെ തന്നെയാണ് റഷ്യയുമായി വ്യാപാരം തുടരുന്നത്. യൂറോപ്യന്‍ യൂണിയന്‍ റഷ്യയുമായി വലിയ സാമ്പത്തിക ഇടപാടുകള്‍ തുടരുന്നുണ്ട്. 2024-ല്‍ ഇരുകൂട്ടരും തമ്മിലുള്ള ചരക്ക് വ്യാപാരം 67.5 ബില്യണ്‍ യൂറോയിലെത്തി. ഇത് ഇന്ത്യയുടെ റഷ്യയുമായുള്ള മൊത്തം വ്യാപാരത്തേക്കാള്‍ വളരെ കൂടുതലാണ്.

യൂറോപ്പ് റഷ്യയില്‍ നിന്ന് എണ്ണയും വാതകവും മാത്രമല്ല, വളം, ഖനന ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക്, യന്ത്രങ്ങള്‍ എന്നിവയും ഇറക്കുമതി ചെയ്യുന്നുണ്ട്. അമേരിക്ക അവരുടെ ആണവോര്‍ജ്ജ വ്യവസായത്തിന് ആവശ്യമായ യുറേനിയം ഹെക്‌സാഫ്‌ലൂറൈഡ്, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ പല്ലേഡിയം, വളങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് ഇപ്പോഴും തുടരുന്നു. ഇന്ത്യക്കെതിരായ വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതവും യുക്തിരഹിതവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏതൊരു പരമാധികാര രാജ്യത്തെയും പോലെ, ഇന്ത്യക്ക് അതിന്റെ ദേശീയ താല്‍പ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാന്‍ പൂര്‍ണ്ണ അവകാശമുണ്ട്.

ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിനും ബ്രിക്സ് ബ്ലോക്കില്‍ അംഗമായതിനും പിഴയായി ഓഗസ്റ്റ് 1 മുതല്‍ 25% താരിഫ് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ യുഎസില്‍ നിന്ന് ഉയര്‍ന്ന താരിഫ് ഈടാക്കുന്നതിന് മറുപടിയായാണ് ഈ നടപടിയെന്ന് ട്രംപ് പറയുന്നു. എന്നാല്‍, ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള ട്രംപിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ഇന്ത്യയുടെ പ്രസ്താവന വ്യക്തമാക്കുന്നു.