റഷ്യന്‍ സൈനിക നടപടി: 40 സൈനികര്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍

Jaihind Webdesk
Thursday, February 24, 2022

കീവ്: യുക്രെയ്നില്‍ റഷ്യ നടത്തിയ സൈനിക നടപടിയില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുക്രേനിയന്‍ പ്രസിഡന്‍റ് വ്ലോദിമിർ സെലെന്‍സ്കിയുടെ ഉപദേശകനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം ഉക്രെയ്ന്‍റെ തിരിച്ചടിയില്‍ 50 റഷ്യന്‍ സൈനികർ കൊല്ലപ്പെട്ടതായും വാർത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്യുന്നു.

റഷ്യയുടെ ആക്രമണത്തില്‍ ഉക്രെയ്ന്‍റെ 40 സൈനികരും 10 പ്രദേശവാസികളും കൊല്ലപ്പെട്ടതായാണ് ഇതുവരെ ലഭ്യമായിട്ടുള്ള റിപ്പോർട്ട്. യുക്രെയ്ന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 50 റഷ്യന്‍ സൈനികർ കൊല്ലപ്പെട്ടതായും വിവരങ്ങളുണ്ട്. റഷ്യയുടെ 6 വിമാനങ്ങള്‍ തകര്‍ത്തെന്നും യുക്രെയ്ന്‍ അവകാശപ്പെട്ടു. ഇതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

 

 

റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കാനും തിരിച്ചടിക്കാനുമാണ് യുക്രെയ്ന്‍ നീക്കം. റഷ്യയുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായി യുക്രെയ് പ്രസിഡന്‍റ് വ്യക്തമാക്കി.  മനസാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാവരും റഷ്യൻ ആക്രമണത്തെ അപലപിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സേനയ്ക്കൊപ്പം ചേരാന്‍ തയാറുള്ള പൗരന്മാർക്ക് ആയുധം നല്‍കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വ്യക്തമാക്കി. അതേസമയം സൈനിക നടപടിക്കില്ലെന്നും സൈന്യത്തെ അയക്കില്ലെന്നുമാണ് നാറ്റോ നിലപാട്.

റഷ്യന്‍ അധിനിവേശം തടയാന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം നടക്കുന്നതിനിടെയാണ് സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്. നാറ്റോ വിപുലീകരണത്തിന് യുക്രെയ്‍നെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് റഷ്യയുടെ നീക്കം. പ്രതിരോധത്തിന് മുതിരരുതെന്ന് യുക്രെയ്ന്‍ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയ പുടിന്‍ ആയുധം താഴെവച്ച് പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. റഷ്യന്‍ നീക്കത്തിനുനേരെ വിദേശ ശക്തികള്‍ ഇടപെട്ടാല്‍ പ്രത്യാഘാതം ഗുരുതരമെന്ന് പുടിന്‍ വ്യക്തമാക്കി. രക്തച്ചൊരിച്ചിലുണ്ടായാല്‍ ഉത്തരവാദിത്തം യുക്രെയ്നും സഖ്യത്തിനുമായിരിക്കുമെന്നും സ്വയംപ്രതിരോധത്തിനും ഭീഷണികള്‍ നേരിടാനുമാണ് റഷ്യന്‍ നീക്കമെന്നും പുടിന്‍ പറഞ്ഞു.

റഷ്യന്‍ ദേശീയ ടെലിവിഷനിലൂടെ പുടിന്‍റെ പ്രഖ്യാപനം വന്നതിന് പിന്നാലെ യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ റഷ്യന്‍ ആക്രമണമുണ്ടായി. യുക്രെയ്ന്‍ നഗരങ്ങളായ ഒഡേസയിലും മാരിയോപോളിലും റഷ്യന്‍ സൈന്യമെത്തി. കിഴക്കന്‍ മേഖലയിലെ പ്രധാന തുറമുഖനഗരമായ ഒഡേസയില്‍ നിരവധി സ്ഫോടനങ്ങളുണ്ടായി. റഷ്യക്കൊപ്പം വിമതരും യുക്രെയ്നെതിരെ നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലുഹാൻസ്ക് മേഖലയിലെ ഒരു പട്ടണം വിമതര്‍ പിടിച്ചെടുത്തു.