റബ്ബര്‍ ആക്ട് പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണം; കേന്ദ്ര വാണിജ്യ മന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind News Bureau
Saturday, July 18, 2020

തിരുവനന്തപുരം: റബ്ബര്‍ കൃഷിയുടെ മരണമണി മുഴക്കുന്നതിനിടയാക്കുന്ന 1947 ലെ റബ്ബര്‍ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. സ്വാഭാവിക റബ്ബറിന്‍റെ രാജ്യത്തെ ഏറ്റവും വലിയ ഉത്പാദകരാണ് കേരളം. പത്ത് ലക്ഷത്തോളം പേര്‍ സംസ്ഥാനത്ത് ഈ കൃഷിയില്‍ വാപൃതരാണ്. പരോക്ഷമായി ഈ കൃഷിയുമായി ബന്ധപ്പെട്ട് ജീവിതം മുന്നോട്ട് നീക്കുന്നവര്‍ ഇതിന്‍റെ പല മടങ്ങാണ്.

റബ്ബര്‍ മേഖലയുടെ സമസ്ത തലങ്ങളേയും ഗുണപരമായ രീതിയില്‍ നിയന്ത്രിക്കുന്നതിലും കര്‍ഷക ക്ഷേമം ഉറപ്പുവരുത്തുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്ന റബ്ബര്‍ ബോര്‍ഡ് ഈ ആക്ട് പിന്‍വലിക്കുന്നതോടെ ഫലത്തില്‍ ഇല്ലാതാവും. അത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗത്തിന്‍റെ അടിസ്ഥാന ശിലകളിലൊന്നായ ഈ കൃഷിയുടെ നാശത്തിന് വഴി വയ്ക്കും.

കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ വെള്ളപ്പൊക്കം റബ്ബര്‍ കൃഷിയുടെ നട്ടെല്ലൊടിച്ചു. തുടര്‍ന്ന് വന്ന കൊവിഡ് 19 ഈ കൃഷിയ്ക്കും വന്‍തിരിച്ചടി നല്‍കി. ഈ സാഹചര്യത്തില്‍ റബ്ബര്‍ ആക്ട് പിന്‍വലിക്കുന്നത്  കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടും. അതിനാല്‍ മാനുഷിക പരിഗണന വച്ചെങ്കിലും ഈ നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് രമേശ് ചെന്നിത്തല അഭ്യര്‍ഥിച്ചു.