ആര്‍.എസ്.എസുകാര്‍ അക്രമിച്ച മദ്രസ അധ്യാപകന്‍ ഗുരുതരാവസ്ഥയില്‍; പ്രതികളെ പിടിക്കാതെ പോലീസ്

Jaihind Webdesk
Saturday, January 12, 2019

കാസര്‍കോട്: ശബരിമല വിഷയത്തില്‍ ബി.ജെ.പി, സംഘ്പരിവാര്‍നടത്തിയ ഹര്‍ത്താല്‍ ദിവസം അക്രമിക്കപ്പെട്ട മദ്രസ അധ്യാപകന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഉപ്പള ബായാര്‍ മൂളികണ്ടത്തെ അബ്ദുല്‍ കരീം മുസ്ലിയാരാണ്(44) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ 11 ഓടെയാണ് ബായാര്‍ ജാറം മഖാം പരിസരത്ത് വച്ച് നാല്‍പതിലധികം വരുന്ന ആര്‍.എസ്.എസ് സംഘം അബ്ദുല്‍ കരീം മുസ്ലിയാരെ റോഡില്‍ തടഞ്ഞു നിര്‍ത്തി വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ആണിതറച്ച പട്ടികയും ഇരുമ്പുദണ്ഡും ഉപയോഗിച്ച് തലയിലും ശരീരത്തിലും മര്‍ദ്ദിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട അബ്ദുല്‍ കരീം മരിച്ചെന്നു കരുതി അക്രമികള്‍ കടന്നുകളയുകയായിരുന്നു.

കരീം മുസ്ലിയാര്‍ക്ക് ഇതുവരെ ബോധം തിരിച്ചു കിട്ടിയിട്ടില്ല. മംഗലാപുരത്തെ ആശുപത്രിയില്‍ തലയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ബോധം തിരികെ വരുന്നത് എപ്പോഴാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനു പുറമെ തലയിലേറ്റ ഗുരുതരമായ ക്ഷതം കാരണം രക്തം നെഞ്ചിലേക്ക് ഇറങ്ങി കട്ടപിടിക്കുകയും ഇതേ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂമോണിയ നിയന്ത്രണ വിധേയമായാല്‍ മാത്രമേ കരീം മുസ്ലിയാരുടെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. തലയ്ക്ക് പുറമെ ഇടതു കൈക്കും രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ആണിതറച്ച പട്ടിക കൊണ്ട് തലയ്ക്ക് ഏറ്റ മര്‍ദനത്തെ തുടര്‍ന്നുണ്ടായ ക്ഷതം കാരണം ഇദ്ദേഹത്തിന്റെ ഇടതുഭാഗവും പൂര്‍ണമായും നിശ്ചലമായിട്ടുണ്ട്.
ബായാര്‍ പ്രദേശത്തെ നാല്‍പതോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകാരാണ് അക്രമത്തിനു പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു. അക്രമികള്‍ വരുന്നതും കരീം മുസ്ലിയാരെ തടഞ്ഞു നിര്‍ത്തി വളഞ്ഞിട്ടു മര്‍ദിക്കുന്നതും പിന്നീട് ഓടി രക്ഷപ്പെടുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. സംഭവത്തില്‍ പൊലിസ് 40 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും പ്രധാന പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. എട്ടു പ്രതികള്‍ പൊലിസ് പിടിയിലായിട്ടുണ്ട്. പ്രധാന പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ മംഗളൂരുവിലെ ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ സുരക്ഷിതരായി കഴിയുന്നതായാണ് സൂചന. അബ്ദുല്‍ കരീം മുസ്ലിയാരെ മര്‍ദിച്ചതിനു പുറമെ പ്രദേശത്തെ മഖാമിന് നേരെയും ഇവര്‍ അക്രമം നടത്തുകയും കെട്ടിടത്തിന്റെ ഗ്ലാസുകള്‍ ഉള്‍പ്പെടെ തകര്‍ക്കുകയും ചെയ്തിരുന്നു.