കൊവിഡ്: പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

Jaihind News Bureau
Thursday, March 26, 2020

പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു.  ദുബായിയില്‍ നിന്ന് മാര്‍ച്ച് 13ന് രാവിലെ 7.50ന് എയര്‍ ഇന്ത്യയുടെ 344 വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. 9 മണിക്ക് അവിടെ നിന്ന്  കുടുംബാംഗങ്ങള്‍ക്കൊപ്പം സ്വന്തം കാറില്‍ മണ്ണാര്‍ക്കാട്ടേയ്ക്കു പോയി. യാത്രാമധ്യേ തട്ടുകടയില്‍നിന്ന് ഭക്ഷണംകഴിച്ചു.

വീട്ടിലെത്തിയ ശേഷം ആനക്കപ്പറമ്പ്, കാരക്കുന്ന് എന്നിവിടങ്ങളിലുള്ള പള്ളികളില്‍ പോയി. അടുത്ത ദിവസങ്ങളിലും ഇയാള്‍ ആനക്കപ്പറമ്പ് പള്ളിയില്‍ പോയിട്ടുണ്ട്. വീടുകളില്‍ അതിഥികളെ സ്വീകരിക്കുകയും അവരുമായി ഇടപഴകുകയും ചെയ്തു.

മാര്‍ച്ച് 16ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ മകനോടൊപ്പം കാറില്‍ പോയി. കൊറോണ ഒ.പിയില്‍ കാണിച്ചു. തുടര്‍ന്ന് ആശുപത്രിക്ക് അടുത്തുള്ള പച്ചക്കറിക്കട, പെട്രോള്‍ പമ്പ് എന്നിവടങ്ങളിലും പോയി. 18ന് വീണ്ടുംമകനൊപ്പം താലൂക്ക് ആശുപത്രി കൊറോണ ഒപിയില്‍ പോയി.

തുടര്‍ന്ന് തയ്യല്‍ കട, പി ബാലന്‍ സഹകരണാശുപത്രി എന്നിവിടങ്ങളിലും പോയി. 21നും പി ബാലന്‍ സഹകരണാശുപത്രി, വിയ്യാക്കുറിശ്ശി പള്ളി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പോയി. 23നും താലൂക്ക് ആശുപത്രിയില്‍ മകനൊപ്പം പോയിട്ടുണ്ട്.