ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിടക്കകള്‍ സജ്ജീകരിച്ച് റൈസ് അപ്പ് ഫോറം ചാരിറ്റബിള്‍ ട്രസ്റ്റ്

Jaihind Webdesk
Friday, November 26, 2021

തിരുവനന്തപുരം : ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ വാർഡ് സജ്ജീകരിച്ച് റൈസ് അപ്പ് ഫോറം ചാരിറ്റബിള്‍ ട്രസ്റ്റ്. ആശുപത്രിയിലെ 11 ാം വാർഡില്‍ 7 ലക്ഷത്തിലധികം  രൂപ ചിലവഴിച്ചാണ്    44 ഓക്സിജന്‍ കിടക്കകള്‍ സജ്ജീകരിച്ചത്. കൂടാതെ വാർഡിന്‍റെ പെയിന്‍റിംഗ് ജോലികളും റൈസ് അപ്പ് ഫോറം ഏറ്റെടുത്ത് പൂർത്തിയാക്കി. കൊവിഡ് രൂക്ഷമായി ഓക്സിജന്‍ കിടക്കകള്‍ക്ക് വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടിയ സാഹചര്യം ഇനി ഉണ്ടാകാതിരിക്കാനാണ് സാധാരണക്കാരന് ആശ്രയമാകുന്ന സർക്കാർ ആശുപത്രിയില്‍ ആധുനിക നിലവാരത്തിലുള്ള ഓക്സിജന്‍ കിടക്കള്‍ ഒരുക്കിയതെന്ന് റൈസ് അപ്പ് ഫോറം സെക്രട്ടറി ഡോ. അപർണ്ണ എം പറഞ്ഞു.

കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ റൈസ് അപ്പ് ഫോറം വോളന്‍റീർസ് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് ‘കൊവിഡ് വാർ റൂം’ തുറക്കുകയും രാജ്യമെമ്പാടുമുള്ള നൂറ് കണക്കിന് രോഗബാധിതർക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ച് നല്‍കുകയും ചെയ്തിരുന്നു. ശശി തരൂർ എംപി, പാർവതി തിരുവോത്ത്  ഉള്‍പ്പടെ  നിരവധി പേർ വാർ റൂം പ്രവർത്തനത്തില്‍ റൈസ് അപ്പ് ഫോറത്തിനൊപ്പം  അണിചേർന്നിരുന്നു.

2018 പ്രളയകാലത്ത് രൂപം കൊണ്ട  റൈസ് അപ്പ് ഫോറം സാമൂഹ്യവും പാരിസ്ഥികവുമായ മേഖലകളില്‍ പ്രവർത്തിച്ചു വരുന്ന. കൊവിഡ് പ്രതിസന്ധിയില്‍ പഠനോപകരണങ്ങളും ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിലും റൈസ് അപ് ഫോറം (http://www.riseupforum.org/) മുന്നിലുണ്ട്.