ലോക്‌സഭാ തെരെഞ്ഞെടുപ്പ്: ബി.ജെ.പിയില്‍ ഗ്രൂപ്പ് പോര് രൂക്ഷം; ഘടകകക്ഷികള്‍ക്കിടയില്‍ സീറ്റ് തര്‍ക്കം; എന്‍.ഡി.എ സംസ്ഥാന ഘടകത്തില്‍ അങ്കലാപ്പ്.

B.S. Shiju
Wednesday, January 23, 2019

ലോക്‌സഭാതെരെഞ്ഞെടുപ്പില്‍ ശബരിമല വിഷയം തെരെഞ്ഞെടുപ്പില്‍ രാഷ്ീ്രയമായി ഉപയോഗിക്കാനിരിക്കുന്നതിനിടെ സംസ്ഥാനത്തെ ജയസാധ്യത സംബന്ധിച്ച് എന്‍.ഡി.എ സംസ്ഥാന ഘടകത്തില്‍ അങ്കലാപ്പ്. ബി.ജെ.പിയിലെ രൂക്ഷമായ ഗ്രൂപ്പ് പോരും സീറ്റിനായി ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കവുമാണ് എന്‍.ഡി.എ ക്യാമ്പില്‍ ആശങ്ക പരത്തിയിട്ടുള്ളത്. യുവതീപ്രവേശനം സംബന്ധിച്ച് ബി.ജെ.പി – സംഘപരിവാര്‍ കക്ഷികള്‍ നടത്തിയ സമരം ഉദ്ദേശിച്ചതു പോലെ ഫലവത്തായില്ലെന്നും ബി.ജെ.പിക്കുള്ളിലെ ഗ്രൂപ്പ് പോര് എല്ലാ മണ്ഡലങ്ങളിലെയും എന്‍.ഡി.എയുടെ ജയസാധ്യതയെ ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍. നിലവില്‍ ആര്‍.എസ്.എസ് നേരിട്ടാണ് ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പു പ്രചാരണം ഏകോപിപ്പിക്കുന്നത്. ഇതില്‍ ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്.

ശബരിമല യുവതീപ്രവേശനത്തിനെതിരെ ബി.ജെ.പി സംഘടിപ്പിച്ച നിരാഹാരസമരം ഗ്രൂപ്പ് കളിയില്‍പ്പെട്ട് പൊളിഞ്ഞതിലും ആര്‍.എസ്.എസിന് അമര്‍ഷമുണ്ട്. വി.മുരളീധരന്‍ പക്ഷം സമരത്തിനോട് സഹകരിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുരളീധരന്‍ പക്ഷത്തെ പ്രമുഖ നേതാവായ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം വേണ്ടപോലെ ഇടപെട്ടില്ലെന്നും പാര്‍ട്ടിയില്‍ കൃഷ്ണദാസ് പക്ഷത്തിന്റെ അപ്രമാദിത്വമാണെന്നുമാണ് മുരളിപക്ഷത്തിന്റെ വാദം.

ഇതിനിടെ കെ.സുരേന്ദ്രന് വേണ്ടി കോടതിയില്‍ ഹാജരാകുന്ന ബി.ജെ.പി സംസ്ഥാന സമിതിയംഗം കൂടിയായ കൃഷ്ണദാസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് മുരളീധരന്‍പക്ഷത്തോടുള്ള പ്രതികാര നടപടിയായും വ്യഖ്യാനിക്കപ്പെടുന്നു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനാണ് നടപിയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പി.കെ കൃഷ്ണദാസള – ശ്രീധരന്‍ പിള്ള അച്ചുതണ്ടിന്റെ പ്രതികാര നടപടിയെന്നാണ് മുരളീധരന്‍ പക്ഷത്തിന്റെ വിലയിരുത്തല്‍. ലോക്‌സഭാ തെരെഞ്ഞെടുപ്പു വേളയില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നതോടെ പല നേതാക്കളുടെയും പരാജയത്തിന് ഇത് വഴിവെക്കുമെന്നാണ് ബി.ജെ.പിക്കുള്ളിലെ ചിലര്‍ തന്നെ അടക്കം പറയുന്നത്. ഇതിനിടെ എന്‍.ഡി.എയിലെ ഘടകകക്ഷികളുടെ സീറ്റ് തര്‍ക്കവും ബി.ജെ.പി- സംഘപരിവാര്‍- ആര്‍.എസ്.എസ് നേതൃത്വങ്ങള്‍ക്ക് തലവേദനയായിട്ടുണ്ട്.

പ്രധാനകക്ഷികളായ ബി.ജെ.പിയും ബി.ഡി.ജെ.എസും ഉള്‍പ്പെടെ ആറ് കക്ഷികളാണ് എന്‍.ഡി.എയിലുള്ളത്. ഇതില്‍ പത്തനംതിട്ടയും തൃശ്ശൂരിലുമടക്കം ബി.ഡി.ജെ.എസ് എട്ട് സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ചെങ്കിലും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഇതില്‍ പത്തനംതിട്ടയടക്കം അഞ്ചുസീറ്റുകള്‍ തങ്ങള്‍ക്കുവേണമെന്ന ഉറച്ച നിലപാടിലാണ് ബി.ഡി.ജെ.എസ് ഉള്ളത്. എന്നാല്‍, താഴെത്തട്ടിലുള്ള ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ ബി.ഡി.ജെ.എസിന് സീറ്റ് നല്‍കുന്നതോടെ മന്ദീഭവിക്കപ്പെടുമെന്ന വിലയിരുത്തലും സജീവമാണ്. സംസ്ഥാനത്തെ ക്രിസ്ത്യന്‍- നായര്‍ വിഭാഗങ്ങളെ എന്‍.ഡി.എയോട് അടുപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ബി.ഡി.ജെ.എസിന്റെ കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നുമാണ് സന്ദേശം നല്‍കിയിട്ടുള്ളത്. ഇതിലും സംസ്ഥാന നേതൃത്വത്തിന് അമര്‍ഷമുണ്ട്.

മുന്നണിയിലെ ഘടകകക്ഷിയായ കുരുവിള മാത്യൂസിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസും പി.സി.തോമസിന്റെ കേരള കോണ്‍ഗ്രസും കോട്ടയം സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നാഷണലിസ്റ്റ് കേരളകോണ്‍ഗ്രസ് പ്രതിനിധിയായി മത്സരിച്ച നോബിള്‍ മാത്യു ബി.ജെ.പിയില്‍ ചേക്കേറിയെങ്കിലും സീറ്റ് തങ്ങളുടേതാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അവര്‍. ഇതിനു പുറമേ പത്തനംതിട്ട ചോദിക്കാനും പി.സി തോമസ് തീരുമാനിച്ചു കഴിഞ്ഞു. പി.എസ്.പി , ജനതാദള്‍ സോഷ്യലിസ്റ്റ് എന്നീ കക്ഷികള്‍ സീറ്റിനായി അവകാശവാദം മുന്നോട്ടുവെച്ചിട്ടില്ല.
ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കേ ബി.ജെ.പിയിലും എന്‍.ഡിയയിലും രൂക്ഷമാകുന്ന ഭിന്നത ഘടകകക്ഷികളുടെ കൊഴിഞ്ഞു പോക്കിന് വഴിവെയ്ക്കുമോയെന്ന കാര്യത്തിലും ബി.ജെ.പിക്ക് ആശങ്കയുണ്ട്.