തുഷാറിന്റെ അറസ്റ്റും പിന്നെ സി.പി.എമ്മും പിണറായിയും എഴുതിയ തിരക്കഥയും

Jaihind Webdesk
Tuesday, August 27, 2019

ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസില്‍ അജ്മാനിലെ ജയിലിലായത് സി.പി.എമ്മും പിണറായിയും എഴുതിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നാണ് ദുബായിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുഷാര്‍ ജയിലിലായത് വെള്ളപ്പള്ളി നടേശന്‍ അറിയുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നു. ഉടന്‍ തന്നെ തുഷാറിനെ ജയിലില്‍ നിന്നിറക്കാനുള്ള ശ്രമങ്ങളും പിണറായി നടത്തിയിരുന്നു. ഞാന്‍ അറിയുന്നതിന് മുമ്പ് പിണറായിയാണ് തുഷാര്‍ കുടുങ്ങിയ വിവരം അറിഞ്ഞതെന്ന് വെള്ളാപ്പള്ളി തന്നെ സ്ഥിരീകരിച്ചതാണ്.

അറസ്റ്റിന് സാഹചര്യമൊരുക്കിയതും സി.പി.എമ്മുമായി ബന്ധപ്പെട്ട ചിലരാണെന്നുമാണ് പിന്നാമ്പുറ കഥകള്‍. അതായത് വെടക്കാക്കി തനിക്കാക്കുക എന്ന ലക്ഷ്യമായിരുന്നു സി.പി.എമ്മും പിണറായിയും തുഷാര്‍ സംഭവത്തില്‍ നടത്തിയത്. ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ എസ്.എന്‍.ഡി.പിയുടെ വോട്ട് സി.പി.എമ്മിനും ഇടതുപക്ഷ മുന്നണിക്കും അനുകൂലമാക്കി മാറ്റാനാണ് പിണറായിയുടെയും സി.പി.എമ്മിന്റെയും തുഷാറിനെ മോചിപ്പിക്കാനുള്ള സഡന്‍ ഓപറേഷന് പിന്നിലെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇപ്പോഴും ദുബായിയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും പല ജയിലുകളിലെയും ചെക്ക് കേസുമായി ബന്ധപ്പെട്ട മലയാളികള്‍ പലരും ഉണ്ട് ഇവരെല്ലാം മുഖ്യമന്ത്രിയോട് സഹായം തേടിയിട്ടും തുഷാര്‍ വെള്ളാപ്പള്ളിക്ക് മാത്രം മോചനത്തിന് വഴിയൊരുക്കിയത് സി.പി.എം എഴുതിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്. ഉപതെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെയും എസ്.എന്‍.ഡി.പിയുടെയും വോട്ട് ഉറപ്പിക്കുക എന്നത് തന്നെയായിരുന്നു ഇതിന്റെ പിന്നില്‍ നടന്ന അന്തര്‍നാടകങ്ങള്‍. എന്‍.ഡി.എയിലെ സ്വന്തം ഘടകകക്ഷിയുടെ സംസ്ഥാന പ്രസിഡന്റിനെ മോചിപ്പിക്കാന്‍ ബി.ജെ.പി പോലും ഇത്ര ശുഷ്‌കാന്തി കാണിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

തുഷാര്‍ ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം മുഖ്യമന്ത്രി പിണറായിയെ അഭിനന്ദിച്ചും നന്ദി രേഖപ്പെടുത്തിയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട വെള്ളാപ്പള്ളി എന്നാല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളിയെ അധിക്ഷേപിച്ച് സംസാരിച്ചതും വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാവുന്ന രാഷ്ട്രീയ കുതന്ത്രങ്ങളാണ്. അതേസമയം ബി.ജെ.പി ഘടകക്ഷി നേതാവിനെ പിണറായി ഇടപെട്ട് ജയില്‍ മോചിതനാക്കിയതും സി.പി.എമ്മിലെ സാധാരണ അണികളില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, തുഷാറിനെ മോചിപ്പിക്കാനാവാശ്യമായ പ്രവര്‍ത്തനം നടത്തിയത് ഭാവി രാഷ്ട്രീയത്തിലെ വ്യക്തമായ സൂചനയോടെയെന്നാണ് സാധാരണ അണികളെ സി.പി.എം നേതൃത്വം തന്നെ പറഞ്ഞ് മനസ്സിലാക്കുന്നത്.

സി.പി.എമ്മിലും തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനവുമായി ബന്ധപ്പെട്ട പ്രശ്‌നം സി.പി.എമ്മിലും വന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. ഒപ്പം ബി.ജെ.പിയാകട്ടേ തുഷാര്‍ പ്രശ്‌നത്തില്‍ സി.പി.എമ്മിന്റെയും പിണറായിയുടെയും നിലപാട് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.