സംസ്ഥാനത്ത് പുതുക്കിയ മദ്യവില നാളെ മുതൽ പ്രാബല്യത്തിൽ

Jaihind News Bureau
Sunday, January 31, 2021

 

തിരുവനന്തപുരം : സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ മുതൽ പ്രാബല്യത്തിൽ. അടിസ്ഥാന വിലയിൽ ഏഴു ശതമാനം വർധന വരുത്തിയതോടെ പത്തു രൂപ മുതൽ 90 രൂപ വരെയാകും വർധിക്കുക. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിലും സർക്കാർ തീരുമാനം ഉടനുണ്ടാകും.

നേരത്തെ കൊവിഡ് സെസ് ഏർപ്പെടുത്തിയപ്പോഴായിരുന്നു മദ്യത്തിന്‍റെ വിലവർധിച്ചത്. മദ്യ കമ്പനികളുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് ഏഴു ശതമാനം വർധന വരുത്താനുള്ള സർക്കാർ തീരുമാനം. പ്ലാസ്റ്റിക് കുപ്പിയിൽ നിന്നും ഘട്ടം ഘട്ടമായി ചില്ലു കുപ്പിയിലേക്ക് മാറുന്നതിന്‍റെ ഭാഗമായി 750 മില്ലി ലിറ്റർ മദ്യം ഇനി ചില്ലുകുപ്പിയിലായിരിക്കും ലഭിക്കുക.
മാത്രമല്ല ഒന്നര ലിറ്ററിന്‍റെയും രണ്ടര ലിറ്ററിന്‍റെയും മദ്യവും ഔട്ട് ലെറ്റുകളിലെത്തും. ഫെബ്രുവരി ഒന്നുമുതലാണ് വില വർധന പ്രാബല്യത്തിൽ വരുന്നതെങ്കിലും ഒന്നാം തീയതി ഡ്രൈ ആയതിനാൽ ചൊവ്വാഴ്ച മുതലാകും പ്രാബല്യത്തിൽ വരിക.

ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിൽ ചർച്ചകൾ സജീവമാണ്. നേരത്തെ ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യം ബാറുകാർ എക്‌സൈസ് വകുപ്പിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാൽ നയപരമായ തീരുമാനമായതിനാൽ എക്‌സൈസ് വകുപ്പ് ബാറുകാരുടെ ആവശ്യം സർക്കാരിനു മുന്നിൽവെച്ചിട്ടുണ്ട്.